Wednesday, November 24, 2021

ഹത്യ

അവൾ ജയിലിലെ ഇരുമ്പഴികൾക്കിടയിലൂടെ അവന്റെ വിരലുകളിൽ പിടിച്ചു മരിച്ച ഈറനണിഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.

പെട്ടെന്ന് എന്തോ ഓർത്ത് അവൻ പറഞ്ഞു 

അയാൾ എനിക്ക്   "ഒരു മരത്തിൽ കൂടിയിരിക്കും പറവൈ" എന്ന പാട്ട് അയച്ചു തന്നു.

അവൾ ഞെട്ടിത്തരിച്ചു വായ കൈകൾ കൊണ്ട് പൊതി. കണ്ണുകളിൽ ഭയം തിളങ്ങി.

"സൗന്ദർരാജൻ -രാജേശ്വരി യോ അതോ പി സുശീലയോ ?" വിക്കി വിക്കി അവൾ ചോദിച്ചു 

അവളുടെ ഭാവമാറ്റം കണ്ടപ്പോൾ അവനും പകച്ചു.

"സൗന്ദർരാജൻ -രാജേശ്വരി"

"ദൈവമേ...!!!" - എങ്ങും ഭയം മാത്രം 


(തുടരും...)

Thursday, May 14, 2020

യക്ഷഗാനം ( അഴുകണ്ണി ജടാമാഞ്ചിയോട് ചെയ്തത് )

അത്തനേയും താണ്ടി കാൽ മുൻവയ്യടാ.....നീ അത്തനേയും...

ചുണ്ടുകൾക്കിടയിൽ ഈ പാട്ടും ഇട്ടാട്ടിക്കൊണ്ട് തള്ളിനിൽക്കുന്ന പാറകൾക്കു മുകളിൽ ചവുട്ടി കൈകൾ കൊണ്ട് പരുത്ത വിടവുകളിൽ തൂങ്ങി കരുതലോടെ മുകളിൽ നിന്ന് ജന്തുവും നിലാവും പതിയെ താഴേക്ക് ഇറങ്ങി.

വെട്ടുവഴിയിയുടെ ചരുവിലൂടെ ഒഴുകുന്ന ചാലുവെള്ളം  കുന്തിച്ചിരുന്ന്  മുഖത്തും ദേഹത്തും അവൻ കോരിയൊഴിച്ചു. നീറ്റൽ ഗൗനിക്കാതെ വീണ്ടും വീണ്ടും കോരിയൊഴിച്ചു. കഴുത്തിൽ കെട്ടിത്തൂക്കിയിട്ടിരുന്ന സഞ്ചി അഴിച്ചു അതിൽനിന്നും പകുതി തിന്ന ഒരു ആമ്പിറന്നവന്റെ തല പുറത്തെടുത്തു. അതിയായ സ്നേഹകരുണകളോടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ച്   കുറച്ചു മാംസം കടിച്ചെടുത്തു ചവച്ചിറക്കി ജന്തു ആലസ്യത്തോടെ ചന്ദ്രനെ നോക്കി നീണ്ട നാക്കു കൊണ്ട് ചുണ്ട്  നക്കി. മുഖം വികൃതമായ ഉടമസ്ഥൻ നഷ്ട്ടപ്പെട്ട തലയെടുത് ചന്ദ്രന്റെ നേരെ പിടിച് തലമുടിയിൽ തടവി തിക്കുറിശ്ശി സ്റ്റൈലിൽ അവൻ പാട്ടിന്റെ ബാക്കി പാടി

തലൈ നിമിർന്തു ഉനൈ ഉണർന്തു ചെല്ലടാ
സതിയമേ ലച്ചിയമായ് കൊള്ളെഡാ...

ഒരു മല.ആ മല കഴിഞ്ഞാൽ പിന്നെ കുറേ ദൂരം പുല്ലും എരുക്കും മുൾച്ചെടികളും വളർന്നു നിൽക്കുന്ന വെളിമ്പ്രദേശം. അത് കഴിഞ്ഞാൽ മുകളിൽപ്പറഞ്ഞ ചാലിനെപ്പോലെ കുറേ ചാലുകൾ ചേർന്ന് പരുവപ്പെടുത്തിയെടുത്ത ഏകദേശം ഒരുലക്ഷം അടി നീളം വരുന്ന ഫിലിം റീല് . അതിലൂടെ പല പല സീനുകൾ രാപ്പകൽഭേദമന്യേ ഒഴുകിക്കൊണ്ടിരിക്കും. റീൽ നീന്തിക്കടന്നാൽ നാടായി.

ഇതൊക്കെ താണ്ടി ജന്തു ശങ്കരൻകുട്ടിയുടെ വീടിനു അടുത്തെത്തിയപ്പോൾ വെളുപ്പാൻകാലമായി. കൈയ്യിൽ ബാക്കി വന്ന തലമുടി ഊതിപ്പറപ്പിച്ചിട്ട് അവൻ ശങ്കരന്റെ വീട് ലക്‌ഷ്യം വച്ച് നടന്നു. നിലാവ് മങ്ങിപ്പോയത് കൊണ്ടാകണം വീടിനു മുന്നിലെത്തിയപ്പോഴേ ആ ചെറിയ ആൾക്കൂട്ടത്തെ ജന്തു കണ്ടോളു. പരിചയക്കാരാണ് എല്ലാം.രണ്ടു കണ്ണും വായും ഇല്ലാത്ത ഒരു പരിചയക്കാരന്റെ അടുത്തേക്ക് കാര്യം തിരക്കാൻ ചെന്നപ്പോഴാണ് അവനു വായ ഇല്ലല്ലോ എന്ന് ജന്തു ഓർത്തത്. ചിരിച്ചു കൊണ്ട് അവൻ വായുള്ള മറ്റൊരു പരിചയക്കാരന്റെ അടുക്കൽ ചെന്ന് വിവരം അന്വേഷിച്ചു.

ഒരു വലിയ അലർച്ച കേട്ട് അവനാണത്രെ അവിടേക്ക് ആദ്യം ഓടി എത്തിയത്. വാതില് തുറന്നു കിടക്കുവായിരുന്നു. "അകത്തു കയറി ഒന്നേ നോക്കിയുള്ളൂ. വായും പൊത്തിപ്പിടിച്ചു ചാടി ഞാൻ ദേ ആ മൈലാഞ്ചിയുടെ ചോട്ടിൽ വന്നിരുന്നാ ഛർദിച്ചത്"  ജന്തു തിരിഞ്ഞു നോക്കി.ശെരിയാണ്. എന്തൊക്കെയോ ചെടിയുടെ ചോട്ടിൽ മസാലദോശ  വിസ്താരത്തിൽ കിടപ്പുണ്ട്. വായുള്ളവന്റെയൊക്കെ കുന്തളിപ്പ്. അവിടെയെല്ലാം ശങ്കരൻകുട്ടിയെ നോക്കിയിട്ട് കണ്ടില്ല എന്നുകൂടി അയാൾ പറഞ്ഞപ്പോൾ ജന്തുവിനു വീടിനുള്ളിലേക്ക് കയറാൻ തോന്നി.

"അവൻ വീടിന്റുള്ളിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പിറകിൽ നിന്ന് ഛർദിച്ചവൻ പറഞ്ഞു. "ദേ ചന്തിയിൽ സുകുമാരി". ആദ്യമൊന്നു പകച്ചെങ്കിലും തല ഒടിച്ചു മടക്കി പിന്നിൽ നോക്കിയപ്പോ ശെരിയാണ് നനഞ്ഞ വസ്ത്രത്തിൽ സുകുമാരിയുടെ ചിരിക്കുന്ന മുഖം. റീല് നീന്തിക്കടന്നപ്പോൾ പറ്റിയതായിരിക്കണം. ഏത് സിനിമയാണെന്ന് വച്ചിട്ടാ , പണ്ടത്തെ എല്ലാറ്റിലും സുകുമാരിയുണ്ട്. പുറ്റിലും പൂവിലും എന്നുവേണ്ട സകലതിലും. അവൻ ചന്തിയിൽ നിന്നും സുകുമാരിയെ വടിച്ചു മൈലാഞ്ചിയുടെ ചോട്ടിലേക്ക് എറിഞ്ഞിട്ട് ശങ്കരന്റെ വീട്ടിലേക്ക് കയറി.

ജന്തുവിനു ശങ്കരന്റെ വീട് നന്നായറിയാം.ചങ്ങാതിമാരാണ്.മിക്കപ്പോഴും വരും, കുടിക്കും, കട്ടിലില്ലാതെ വായുവിൽ കിടക്കാനുള്ള വിദ്യ ശങ്കരനറിയാം, ശങ്കരന്റെ മോളിൽ ജന്തു കയറിക്കിടക്കും, കളിക്കും. അവൻ ശങ്കരന്റെ മുറിയിലേക്ക് കയറി.കാഴ്‌ച കണ്ടിട്ട് അവനു ഛർദിക്കാനൊന്നും തോന്നിയില്ല.പക്ഷെ അതിശയിച്ചു പോയി.വെട്ടുകല്ല് കൊണ്ട് പണിത മുറിയിൽ അടച്ചിട്ട ജനാലപ്പടിയിൽ വെള്ളം ഒഴിച്ച് വയ്ക്കാനുള്ള ഒരു മൺകൂജയും അതിന്റെ എതിരെ മൂലയിൽ ശങ്കരന്റെ മടക്കുകത്തി നിവർന്നു കിടപ്പുണ്ട്. വേറൊന്നും കാര്യമായി ഇല്ലാത്ത ആ  മുറി മുക്കാലും നിറഞ്ഞു ശങ്കരന്റെ ഗർഭപാത്രം കിടക്കുന്നു , അതിനുള്ളിൽ യൗവനയുക്തയായ ഒരു പെൺനവജാതശിശു! മുറി മുഴുവൻ ചുവപ്പും ചാരവും നിറത്തിൽ ഒരു കൊഴുത്ത വെള്ളം പടർന്നിരുന്നു.ഗർഭപാത്രം അനങ്ങുന്നുണ്ട്. എരുശ്ശേരിക്കള്ളിലെ ഉടയാത്ത കിഴങ്ങു പോലെ ആ  കുഞ്ഞ് . ജന്തു അതിന്റെ അടുത്തേക്ക് ചെന്നു . പെണ്ണ് കണ്ണുമടച്ചു കിടക്കുവാണ്. . മേലാസകലം ഈ കൊഴുത്ത സാധനം കൊണ്ട് മൂടിയിരിക്കുന്നു. എന്നാൽ അതിലൂടെ അൽപാൽപമൊക്കെ ഉള്ളിലുള്ളത് കാണുകയും ചെയ്യാം.നല്ല മുഴുപ്പുണ്ട്.
പാത്രത്തിന്റെ ഞണുങ്ങാത്ത അരികിൽ അവൻ തൊട്ടു  നോക്കി വിരലുകൾ ഉരച്ചു. നല്ല കൊഴുപ്പ് . കുഞ്ഞിന്റെ മുഖത്തേക്ക് ജന്തു സൂക്ഷിച്ചു നോക്കി, എന്തോ ഓർമിക്കാൻ ശ്രമിച്ചു. ഇവൾ ഇതിനു മുന്നേ ഈ നാട്ടിൽ വന്നിട്ടുണ്ടോ? അവന്റെയുള്ളിൽ  നേരിട്ട് വരാതെ സംശയം നിഴലുകളെ പറഞ്ഞു വിട്ടു.

പെട്ടന്നവൻ ശങ്കരനെക്കുറിച്ച ഓർത്തു. ഇവൻ എവിടെപ്പോയി?
അതിഗഹനമായി ചിന്തിച്ചുകൊണ്ട് ജന്തു കൊഴുത്ത വെള്ളത്തിൽ ചവുട്ടിക്കൊണ്ട് ജനാലപ്പടിയിൽ മൂടുതാങ്ങി ഇരുന്നു, ഗർഭപാത്രത്തിന്റെ ഉള്ളിൽ സുഖമായി കിടക്കുന്ന അവളെ നോക്കികൊണ്ട് ഒരു ബീഡി എടുത്ത് കത്തിച്ചു. ഒരു പുക വിട്ടുകൊണ്ട് അപ്പോൾ മനസ്സിൽ വന്ന രണ്ടു വരി വളരെ അലസമായി പാടി.

ഇളമയെല്ലാം വെറും കനവുമയം ഇതിൽ
മറൈന്തത് ശിലകാലം.

പെട്ടെന്ന് ഉറങ്ങിക്കിടന്ന പെണ്ണ് കണ്ണുതുറന്നു പാടി.

തെളിവുമറിയാത് മുടിവും തെരിയാത്  
മയങ്ങുത് എതിർകാലം...

അവൻ ഞെട്ടിയെഴുന്നേറ്റു, അവന്റെ കൈയ്യിൽ നിന്നും ബീഡി വഴുതി വെള്ളത്തിൽ വീണു കെട്ടു. അവൻ ഗർഭപാത്രത്തിലേക്ക് നോക്കി. അവൾ അവനെത്തന്നെ തുറിച്ചു  നോക്കുന്നു. ജന്തു കിടുങ്ങിപ്പോയി. രണ്ടു കുതിപ്പിന് മൈലാഞ്ചിയുടെ ചുവട്ടിലെത്തി കുന്തിച്ചിരുന്നു സുകുമാരിയെ നോക്കി അണച്ചു. ഉടനെ ആകാശത്തു നിന്നും ഒരശരീരി അവിടമാകെ മുഴങ്ങി. ഞെട്ടിത്തരിച്ചു കൊണ്ട് അവനും അവിടെ കൂടി നിന്നവരും  വെളിച്ചമില്ലാത്ത ആകാശത്തിലേക്ക് വെണ്മേഘങ്ങൾ നിറഞ്ഞ കണ്ണുകളോടെ നോക്കി. ഗ്രാമഫോൺ റെക്കോർഡിൽ നിന്നും കേൾക്കുന്നപോലെ ശബ്ദങ്ങൾ താഴേക്ക് എടുത്തുചാടി

പാടൽ: മാലൈ പൊഴുതിൻ മയക്കത്തിലേ...
പാടിയവർ: പി സുശീല
ഇശൈ: വിശ്വനാഥൻ രാമമൂർത്തി.

ഉണങ്ങിയ ചോരക്കറ പുരണ്ട കത്തി ശങ്കരൻകുട്ടി കുളത്തിലെ തണുത്തവെള്ളത്തിലിട്ട് രണ്ടുമൂന്നാവർത്തി തേച്ചുകഴുകി. കൈയും മുഖവും കാലും തുടച്ചു. കൈയ്യിലെ നഖം കൊണ്ട പാടുകളിൽ തണുത്ത വെള്ളം വീണപ്പോൾ നീറ്റലും, പിന്നെ സുഖവും. കുറെ വെള്ളം കോരിക്കുടിച്ചു .പിച്ചാത്തി വായിൽ കടിച്ചുപിടിച് മുടിയൊന്നു നനച്ചൊതുക്കി. എണീറ്റ് നിന്ന് നടു നിവർത്തി. മണി പത്തുപതിനൊന്ന് ആയിക്കാണണം. മലേടെ മുകളിൽ കാടിന്റെ ചരുവിൽ ആയതുകൊണ്ടാകണം ഇത്രയ്ക്ക് തണുപ്പ് വെള്ളത്തിന്. അവൻ തിരിഞ്ഞു പടിഞ്ഞാറോട്ട് നോക്കി, നിരപ്പായ പാറ. അവിടവിടെയായി കുറേ ശൂലങ്ങൾ കുത്തിവച്ചിരിക്കുന്നു. വർഷങ്ങളായി ആളുകൾ ചെയ്യുന്നതായതു കൊണ്ട് ഇപ്പൊ ശൂലങ്ങൾ ഒരുപാടുണ്ട്. തുരുമ്പിച്ചവ തുരുമ്പിക്കാൻ പോവുന്നവ പിന്നെ മഞ്ഞനിറമടിച്ച പുത്തൻ തൃശൂലങ്ങളും. തന്റെ മുന്നിലുള്ള  അല്പം ഉയർന്ന തിട്ടയിൽ അവൻ കയറി. ഇവിടെയാണ് പെരിയസാമിയുടെ കോവിൽ പ്രത്യക്ഷപ്പെടുന്നത്. മാസത്തിൽ രണ്ടേരണ്ട്‍ ദിവസം.അമാവാസിക്കും പൗർണമിക്കും. ഇന്നലെ പൗർണ്ണമിയായിരുന്നു.ചന്ദ്രൻ മറയുമ്പോൾ കോവിലും കണ്ണിൽ നിന്നും മറഞ്ഞു പോകും.കോവിലാകെ മാഞ്ഞു പോകുന്നത് കാണാൻ ആൾക്കാർ ഒരുപാട് ഈ രണ്ടു ദിവസവും മലകയറും.പക്ഷെ അവരാരും ആ കാഴ്ച് മാത്രം കാണില്ല. പുലരാറാകുമ്പോൾ എല്ലാവരും ഉറങ്ങിവീഴും. പിന്നീടെല്ലാവരും എണീറ്റിട്ടു ഒരുമിച്ച് മലയിറങ്ങും. ശങ്കരനും ഉറങ്ങിപ്പോയി പക്ഷെ ഇവിടെക്കിടന്നല്ല കുറച്ചു കിഴക്ക് മാറി ഒരു വള്ളിക്കോട്ട ഉണ്ട് അതിന്റെ ഉള്ളിൽക്കിടന്ന്. ഉണർന്നപ്പോൾ വിശക്കുകയും ദാഹിക്കുകയും ചെയ്തു. ഇവിടെ ആരെങ്കിലും കാണും എന്ന് കരുതി ഇങ്ങോട്ട് വന്നു.പക്ഷെ എല്ലാരും നേരത്തെ തന്നെ മലയിറങ്ങിയിരുന്നു.

തിട്ടയിറങ്ങി നാണയത്തുട്ടുകൾ കുത്തിവച്ചിരിക്കുന്ന മരത്തിൽ തടവി അവൻ മുന്നോട്ട് നടന്നു. തലേന്ന് ഒരുപാട് കോഴികളെ കൊന്നിരിക്കണം. പരന്ന പാറയുടെ മുകളിൽ മുഴുവൻ ഒഴുകിപ്പോയ ചോരപ്പാടുകൾ, പൂടകൾ.മുറിച്ചു കളഞ്ഞ  മഞ്ഞിച്ച  കോഴിക്കാലുകൾ ഇവിടുന്ന് ഇറങ്ങുമ്പോൾ കുറച്ച് കോഴിക്കലുകൾ പൊതിഞ്ഞെടുക്കണം. ജന്തുവിന് ആക്രാന്തമാണ്‌ കോഴിക്കാലുകൾ. അവൻ വിചാരിച്ചു
.ചെറിയ മഴക്കാറുണ്ട്, കാറ്റും. കാറ്റേറ്റ് കൊണ്ട് കുറച്ചു നേരം ഒരു പാറയിൽ ചാരി അവൻ ഇരുന്നു. വല്ലാത്ത വിശപ്പ്. എന്തെങ്കിലും കഴിക്കാതെ മലയിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. പെട്ടെന്ന് പിന്നിൽ നിന്നും എന്തോ തട്ടി വീഴുന്ന ഒച്ച . അവൻ തിരിഞ്ഞു നോക്കി. കുറച്ച ദൂരെയായി നിന്നിരുന്ന അരളിയുടെ ചുവട്ടിൽ ഒരു സ്ത്രീ. ഇവിടെ നിന്ന് നോക്കിയാൽ ഇലയില്ലാത്ത അരളിയുടെ ശാഖകൾ അവളുടെ തലയിൽ വളർന്നു നിൽക്കുകയാണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ ഉള്ളിലെ വിശപ്പിന്റെ പിച്ചാത്തി നിവർന്നു വന്നു. അവൾ എന്തോ പാചകം ചെയ്യുകയാണ്. ശങ്കരൻ വേഗം എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു. മലമുകളിൽ വരുന്ന സ്ഥിരം പെണ്ണുങ്ങളുടെ പച്ച  വേഷമല്ല. കറുത്ത ബ്ലൗസും ചുവന്ന സാരിയും. ഒറ്റയ്ക്ക് ഈ നേരം വരെ ഇവളിവിടെ എന്തെടുക്കുവായിരുന്നു.പിന്നെ ഇതെന്താ ഇങ്ങനെയൊരു വേഷം. വിവിധയിനം  സംശയങ്ങളുമായി ശങ്കരൻ അവളുടെ അടുത്തെത്തി.

അരളിയുടെ കുരുടിയ വേരിന്റെ മുകളിൽ ഒരു കോഴിയെ കൊത്തിയരിഞ്ഞു  പച്ചിലയിൽ വച്ചിട്ടുണ്ട്. അടുത്ത് ഒരു കലം മൂടി വച്ചിരിക്കുന്നു. അതിൽ നിന്നും ആവി പറക്കുന്നുണ്ട് ,ചോറായിരിക്കണം അവൻ കരുതി.അവളുടെ മുഖം  കാണാൻ വയ്യ. നീണ്ട ചുരുണ്ട മുടി. കുനിഞ്ഞിരുന്നു മുളകുകീറിക്കൊണ്ടിരിക്കുകയാണ്. തലയാട്ടി താളവും പിടിക്കുന്നുണ്ട്. അവനു എന്തോ പന്തികേട് തോന്നി. പെരിയണ്ണാ വല്ല പ്രാന്തിയുമാണോ. അവളുടെ കൈയിലിരിക്കുന്ന ഇരുമ്പ് കീറുന്നത് മുളകല്ല, സ്വന്തം കഴുത്താണെന്നു അവനു തോന്നി. എന്തായാലും വല്ലതും കഴിച്ചേ പറ്റൂ.  മടിക്കുത്തിലെ കത്തിയിൽ മുറുക്കെപ്പിടിച്ചു അവൻ വിളിച്ചു.

"ദേ ..."

ഒരനക്കവും ഇല്ല. തല വല്ലാതെ ആട്ടുന്നു, മുളക് വാശിയോടെ അരിയുന്നു. രണ്ടു തവണ കൂടി വിളിച്ചു. അവൾ  ഗൗനിക്കുന്നില്ല .
രണ്ടും കൽപ്പിച്ചു അവൻ അവളുടെ തോളിൽ പിടിച്ചു "പിന്നെ..."
കീറൽ നിന്നു. പക്ഷെ അവൾ ഞെട്ടിയില്ല. തലയുയർത്തി അവനെ രൂക്ഷമായി നോക്കി. ശങ്കരൻ കൈയ്യെടുത്തു.
അവൾ ദേഷ്യത്തോടെ ഒച്ചയുയർത്തി പറഞ്ഞു "എനെറെ വിരലിപ്പോ പിച്ചാത്തി കൊണ്ട് മുറിഞ്ഞേനെല്ലോ , തനിക്കെന്തോ വേണം?"
അവളുടെ കണ്ണിൽ നോക്കിയപ്പോൾ കഴിഞ്ഞാഴ്ച കണ്ട റിവോൾവർ റാണിയിലെ വിജയലളിതയെ അവനു ഓർമ്മ വന്നു.ശങ്കരൻ പതറി. വിശപ്പ് കണ്ണിൽ ഇരച്ചു കയറി.

അവൾ അലറി "എന്തോ വേണമെന്ന്..!!!"

അവൻ പാതി മയങ്ങി മുഴച്ചു നിന്ന ഒരു വേരിലേക്ക് വീണു. അവൾ പിച്ചാത്തിയിട്ടിട്ട് വേഗം എഴുന്നേറ്റ് അവനെ പിടിച്ചിരുത്തി. തലയിൽപ്പിടിച്ചു ഗ്ലാസിൽ വെള്ളം കൊടുത്തു. വെളിവ് വീണ ശങ്കരൻ അവളുടെ മുഖത്തു നോക്കി  മൊഴിഞ്ഞു "വിശക്കുന്നു"

"ഓഹോ അത്രേയുള്ളോ കാര്യം, ഞാൻ കരുതി വല്ല ചുഴലിയും ആയിരിക്കുമെന്ന് . ഈ കോഴിയെ ഒന്ന് ശെരിയാക്കട്ടെ."

തന്റെ ഗർഭഗൃഹത്തിലെ  കംപ്യൂട്ടർ സ്‌ക്രീനിൽ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന പെരിയസാമി അഥവാ പെരിയണ്ണ കാത്തവരായന്റെ അടുത്തു പറഞ്ഞു , ഇവളിത് എന്തോ ഭാവിച്ചാ...!!!

നാരസിംഹരസായനം കഴിച്ചു കൊണ്ടിരുന്ന കാത്തവരായാൻ പെട്ടെന്ന്   ചുമച്ചു രസായനം തലയ്ക്ക് കയറി. പെരിയണ്ണ രൂക്ഷമായി കാത്തനെ നോക്കി. ഡബിൾ ക്ലിക്ക് ചെയ്തു ഫുൾസ്ക്രീൻ ആക്കി.

"ചോറ് മാത്രം തന്നാ  മതി , ഇല്ലെങ്കിൽ ഞാൻ ചാകും, കോഴി കൂട്ടി പിന്നെ കഴിക്കാം." തളർന്നു കൊണ്ട് ശങ്കരൻ പറഞ്ഞു.അവൾക്ക് പാവം തോന്നി,  ചിരിച്ചു കൊണ്ട് അവനു ചോറ് ഒരിലയിൽ കൊടുത്തു. അവന്റെ ആക്രാന്തം കണ്ടിട്ട് താടിക്ക് കൈ കൊടുത്തു കൊണ്ട് അവൾ പറഞ്ഞു .
"യു ആർ റ്റൂ ഇൻസേൻ "
ഏമ്പക്കം വിട്ടു ശങ്കരൻ ആരാഞ്ഞു "എന്തോന്നാ  ?"

അരിഞ്ഞു വച്ച സാമഗ്രികളും കോഴിക്കഷ്ണങ്ങളും കലത്തിലിട്ട് അടച്ചു കൊണ്ട് അവൾ പറഞ്ഞു "ഒന്നുമില്ല"

ഒരു ബീഡിയെടുത്തു കൊളുത്തി കുറച്ചു നേരം അവൻ അനങ്ങാതെയിരുന്നു. എന്നിട്ട് കൈലിത്തുമ്പ് കൊണ്ട് മുഖം തുടച്ചു. അവളോട് ചോദിച്ചു "എന്താ പേര്"

മറുപടി "പാറുക്കുട്ടി" എന്നായിരുന്നു.

ഇത് കേട്ട് പെരിയണ്ണ ഞെട്ടി "എടി കാർത്യായിനി !!!"

"ഞാൻ ശങ്കരൻ"

അവളുടെ മുഖത്തേക്ക് കോഴിക്കറിയുടെ ചൂട് ആവി അടിച്ചു കയറി. അവൾ ആഞ്ഞു വലിച്ചു.

""നീ ഒറ്റയ്ക്കിരുന്നു തലയാട്ടുന്നത് കണ്ടപ്പോൾ ഞാൻ കരുതി വല്ല വട്ടുമായിരിക്കുമെന്ന്."- എന്തോ തമാശ പറയുന്നത് പോലെ അവൻ ചിരിച്ചു.

അവൾ ഇരിക്കുനന്തിന്റെ പിറകിൽ നിന്നും ഒരു വള്ളി പുറത്തെടുത്തു. അതിന്റെ ഒരറ്റം അരളി മരത്തിന്റെ വേരിൽ കുത്തി വച്ചിട്ടുണ്ട്. അവളുടെ കൈയ്യിൽ ഇരിക്കുന്ന അറ്റം രണ്ടായിപിരിഞ്ഞു ഓരോന്നിലും ചുവന്ന നിറത്തിൽ ഓരോ കുമിളപോലുള്ള എന്തോ ഒന്ന് പിടിപ്പിച്ചിരിക്കുന്നു. അവൾ കൈ നീട്ടി അവനത് നൽകി. എന്നിട്ടത് ചെവിയിൽ വയ്ക്കാൻ ആംഗ്യം കാണിച്ചിട്ട് അവൾ  കലം  പൊക്കി കറിയുടെ ആവി മൂക്കിലേക്ക് വലിച്ചു കയറ്റി.
ശങ്കരൻകുട്ടി ചെവിയിൽ വച്ചപ്പോൾ !!!

"മൂടിവയ്ത്ത പൂന്തോപ്പ് കാലം യാവും നീ കാപ്പ്
ഇദയം ഉറങ്ങാത് ഇമൈഗൾ ഇറങ്ങാത്
തേനേ....."

ഒന്ന് അദ്‌ഭുതപ്പെടാൻ പോലും ആവാതെ ഇഷ്ടപ്പെട്ട പാട്ടു കേട്ടു കൊണ്ട് അവൻ പോലുമറിയാതെ അവൻ തലയാട്ടി. ഇത്  കണ്ട പാറു പൊട്ടിച്ചിരിച്ചു. അവൻ ചെവിയിൽ നിന്നും അതെടുത്തു തിരിച്ച കൊടുത്തു.
"ഇപ്പൊ മനസ്സിലായോ?" അവൾ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.
അവളുടെ ചിരി ഇളമൈ കാലങ്ങളിലെ ശശികലയെപ്പോലെ തന്നെയല്ലേ എന്നൊരു സംശയം ശങ്കരന് തോന്നാതെയിരുന്നില്ല. തുപ്പാക്കിയില്ലാ കലൈവാണി.

"ഇതെങ്ങനെ ഈ പാട്ടു കേൾക്കുന്നത്? - കൈയ്യിലിരുന്ന കത്തി അരളിയുടെ വേരിൽ കുത്തിക്കൊണ്ട് ശങ്കരൻ ചോദിച്ചു.
"ശങ്കരൻകുട്ടിയെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്നത്?" അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
അവൻ കത്തി മടക്കി.
നീയെന്താ ബാക്കിയുണ്ടായിരുന്നവരുടെ കൂടെ മലയിറങ്ങാഞ്ഞത്? എന്ന ചോദ്യം അവൻ ചോദിച്ചില്ല.
കോഴിക്കറി തിളച്ചുവന്നപ്പോൾ പാറുക്കുട്ടി മടിക്കുത്തിൽ നിന്നും ഒരു പൊതിയെടുത്തഴിച് രണ്ട് നുള്ള് കലത്തിലേക്കിട്ടു.
താഴെയുള്ള അട്ടക്കൈഅമ്മൻറെ പൂജാരി തന്നതാണ്. ഗുണഗണങ്ങൾ അനവധിനിരവധിയാണ്. അവൻ ചോദിക്കാതെ തന്നെ അവൾ ഇട്ട പൊടിയെക്കുറിച്ചു അവന് വിവരം നൽകി.
അട്ടകൈഅമ്മനോ , വർഷങ്ങളായി ഇവിടെ വരുന്ന ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ. ശങ്കരന് ശങ്ക.

"ശങ്കരാ, കാണണംന്ന് വച്ച് വരണം. മലയുടെ പാതി കയറിക്കഴിയുമ്പോൾ വലത്തോട്ട് ഒരു ഊടുവഴിയുണ്ട്. അതിലെ പോയാൽ അമ്മനെ കാണാം. നീ കാണാൻ വരുന്ന പെരിയണ്ണന്റെ ചന്തിക്ക് നുള്ളി ഒരു മൂലയ്ക്ക് ഇരുത്തിയവളാണ് അമ്മൻ.

"അതിപരിചിതമെനിക്കവൾശീലം" - പെരിയണ്ണന്റെ നരച്ച മീശ പോലും ക്രോധം കൊണ്ട് ചുവന്നു തുടുത്തു.

പണ്ട് ഈ മലയിലും നിന്റെ നാടിനെ ചുറ്റിയൊഴുകുന്ന തോടിന്റവിടെ വരെ ഒരു മഹാമഴ പെയ്തു.  കൊടും പെയ്ത്ത് . പെയ്യുന്നത് വെള്ളമല്ല, അട്ടകളാണെന്ന് മാത്രം. നമ്പൂരി മുതൽ പെരുമാളാൻ വരെ.പല നീളത്തിലും വണ്ണത്തിലും നിറത്തിലും. ആളുകളുടെ മുഖത്തും മേത്തും അട്ടകൾ ഇഴഞ്ഞു നടന്നു. വാ തുറന്നു കിടന്നുറങ്ങിയവരുടെ വായിലൂടെ അട്ടക്കൂട്ടം ഇഴഞ്ഞു വയറ്റിലെത്തി പെറ്റുപെരുകി. ആൺപെൺ വ്യത്യാസമില്ലാതെ ആളുകൾ ഗർഭം ധരിച്ചു. അട്ടകളെ പെറ്റുകൂട്ടി. പെരിയണ്ണന് പോലും ഒന്നും ചെയ്യാനായില്ല. ചീഞ്ഞ ശവങ്ങളുടെ മണമടിച്ച് അമ്മൻ ഉറക്കമെണീറ്റു. പെരിയണ്ണന്റെ തന്തയ്ക്ക് വിളിച്ചു കൊണ്ട് അവൾ രണ്ടു കൈകളും നീട്ടി അട്ടമേഘങ്ങളെ മുഴുവൻ ഞെരിച്ചുടച്ചു. ചാറ്  പിഴിഞ്ഞു. ആ ചാറ് നാക്കു നീട്ടിപ്പിടിച്ച് നിഴലിൽ ഉണക്കിപൊടിയാക്കി അമ്മൻ ഈ മലയുടെ മുകളിൽ നിന്നും ഊതിപ്പറപ്പിച്ചു. അത് പാറി വന്നു എല്ലായിടത്തും വീണു. അട്ടകളുടെ  നീണ്ട ശരീരം ഉണങ്ങിപ്പൊടിയായി കാറ്റിൽ പറന്നു പോയി. ആളുകളുടെ ഉള്ളിൽ നിന്നും എല്ലാം ഇഴഞ്ഞും തെറിച്ചും തൂറിയും പുറത്തേക്ക് വന്നു. അവർ സുഖത്തെ പ്രാപിച്ചു. എന്നാൽ ഇവറ്റകളുടെ കാലുകൾ ചത്തില്ല. അത് മണ്ണിലും മലയിലും ഇലയിലും ഇഴയാൻ തുടങ്ങിയപ്പോൾ അമ്മൻ തന്നെ ഒരു ചൂലും മുറവുമായി വന്നു എല്ലാറ്റിനെയും തൂത്തു വാരി ആ തോട്ടിൽ കൊണ്ടുക്കളഞ്ഞു . തോടിന്റെ അടിത്തട്ടിൽ പോയി നോക്കിയാൽ കാണാം റീലുകളെ ഒഴുക്കിക്കൊണ്ടു പോകുന്നത് ഈ അട്ടകാലുകളാണ്.
ശങ്കരന്റെ സർവ്വപ്രജ്ഞയും അറ്റുപോയി .ക്രമാതീതമായി തുറന്ന വായിലേക്ക് ഒരു കോഴിക്കഷണം വച്ച് കൊടുത്തിട്ട് അവൾ ചോദിച്ചു.

"ഉപ്പുണ്ടോ"

അവിചാരിതമായി വന്നുവീണ ചെറുചൂടിൽ അവൻ ഞെട്ടി കോപ്രായങ്ങൾ കാട്ടി വല്ലവിധേനയും ചവച്ചിറക്കി; ശാന്തനായി.
"എല്ലാം പാകത്തിന്. അതൊക്കെപ്പോട്ടെ നിനക്കിതൊക്കെ എങ്ങനെ...?"

കൈവെള്ളയിലെ ചാറ് നക്കി രുചിനോക്കുന്നതിന്റെയിടയിൽ അവളുടെ സാരി മാറിൽ നിന്നും ഊർന്നു വീണു.
ശാന്താനായിരുന്ന ശങ്കരന് അശാന്തിയുടെ വലിയ വിടവുകൾ വെളിവാക്കിക്കൊണ്ട് പാറുക്കുട്ടിയുടെ വലിയ മുലകൾ പ്രത്യക്ഷമായി. അവന്റെ വായ വീണ്ടും തുറക്കാൻ സമയം കൊടുക്കാതെ അവൾ സാരി വലിച്ചിട്ട് കാഴ്ച മറപ്പിച്ചു.
അവന്റെ കണ്ണുകൾ വിടരുന്നത് കണ്ട് ചുണ്ടിന്റെ മൂലയിൽ നിന്നും പടർന്നു വന്ന പുഞ്ചിരിയും അടുപ്പിലെ തീക്കനലും അവൾ വെള്ളമൊഴിച്ചു കെടുത്തി.

ഇനി ഈ ലോകത്ത് നിനക്ക് മാത്രം അറിയാൻ പോകുന്ന ഒരു രഹസ്യം പാറുക്കുട്ടി പറയാം. 
അവന് എന്തോ ഒരിഷ്ടം അവളുടെ കണ്ണുകളിലും മുടിയിലും നോക്കുമ്പോൾ.അവൻ അടുത്തേക്ക് നീങ്ങിയിരുന്നു.
പെരിയണ്ണാ സ്‌പീക്കറിന്റെ ശബ്ദം കൂട്ടി.

ചോറ്റാനിക്കരയിലെ സ്ത്രീയെ പോലീസ് പിടിച്ചപ്പോൾ അവൾ അമ്മനെ വിളിച്ചു കരഞ്ഞപ്പോൾ അമ്മൻ അട്ടകളെ ഞെരിച്ചുടയ്ക്കുന്ന തിരക്കിലായിരുന്നു. അവളെ സഹായിക്കാൻ കഴിയാതെ വന്നതിൽ അമ്മൻ പിന്നീട് ഓർത്തോർത്തു വിലപിച്ചു അങ്ങനെ ഒരു രാത്രി അമ്മന്റെ ദുഃഖം അണപൊട്ടിയൊഴുകി. വലിയവായിൽ നിലവിളിച്ചു. അങ്ങനെയാണ് കല്പകശ്ശേരി മനയിലെ കളിമൺ വിഗ്രഹം പൊട്ടിത്തെറിച്ചത്.

 ഈ കഥയിൽ അവനു അത്ര താല്പര്യം തോന്നിയില്ല, മാത്രമല്ല വാങ്ങിവെച്ച കോഴിക്കറി കണ്ടപ്പോൾ ശങ്കരന്റെ ഉള്ളിൽ  വിശപ്പ് പുതിയ ഭാഷ്യം രചിക്കാൻ ആരംഭിച്ചു.
അവൻ പോയി രണ്ടു വലിയ ഇലകൾ കൊണ്ട് വന്നു.
കാർത്യായനി ഒരാൾക്ക് പൊടിയിട്ട കോഴിക്കറി കൊടുക്കുകയോ !!! പെരിയണ്ണനും കാത്തവരായാനും അതി വിശ്വസിക്കാനായില്ല.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ശങ്കരൻ ചോദിച്ചു.
"ഈ അറക്കുന്ന കോഴികളുടെ തലയെല്ലാം എവിടെ?കുഴിച്ചിടുമോ അതോ അതും വേവിച്ചു തിന്നുമോ?
"തലകളെക്കുറിച്ച് കൂടുതൽ അറിയാവുന്നത് ശങ്കരൻകുട്ടിക്കല്ലേ ?
ശങ്കരന്റെ തലച്ചോറിൽ ഒരു ശൂലം വന്നു തറച്ചു. "നീയെന്താ പറഞ്ഞത്!!!"
അവൻ കഴിക്കുന്നത് നിർത്തി."നീയെങ്ങനെ കണ്ടു ?, പറയെടി.!"
"ശങ്കരൻ എൻറെ മാറ്  കണ്ടില്ലേ ? അത് പോലെ ഞാനും കണ്ടു."
അവൻ  അസ്വസ്ഥനായി.വിശപ്പ് കെട്ടു . ഇത്രെയും  കാലമായി ആരും അറിഞ്ഞിട്ടില്ലെന്ന് കരുതിയത് ഇപ്പൊ ഒരു പരിചയവുമില്ലാത്ത ഒരു പെണ്ണിന് അറിയാമെന്ന് വന്നിരിക്കുന്നു.

"ശങ്കരൻ ചോറ് കഴിക്കൂ, നല്ല കറിയല്ലേ ?"പാറു കൊഞ്ചി.

അവൻ നിസ്സഹായതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. പാറു നിരങ്ങി അവന്റെ അടുത്തേക്ക് വന്നു. ചോറും ഇറച്ചിച്ചാറും കുഴച്ച കൈകൊണ്ട് അവൻറെ മുടി തലോടി."എനിക്ക് മാത്രേ അറിയൂ... പേടിക്കണ്ട"
പകുതി തിന്ന ചോറിനും കറിക്കും മുകളിലൂടെ അവൻ പാറുക്കുട്ടിയുടെ മടിയിലേക്ക് വീണു. വേരിന്റെ മുകളിൽ വച്ചിരുന്ന കോഴികൂട്ടാന്റെ  കലം അവളുടെ കൈ തട്ടി അവരുടെ മുകളിൽ  വീണു. ശങ്കരന്റെ നാവിലെ രസമുകുളങ്ങൾ പെരിയണ്ണാവിന്റെ കംപ്യൂട്ടർ സ്‌ക്രീനിന്റെ പിക്സിലുകളിൽ ആർത്തിയുടെ രുചി പടർത്തി.ഇറച്ചിയുടെ ഭേദവ്യത്യാസങ്ങൾ മറന്നു പോയ പാറുക്കുട്ടി  കണ്ണിൽകണ്ടതൊക്കെ വാരിത്തിന്നു, ശങ്കരന് കൂടുതൽ വിശപ്പ്  വേവിച്ചു നൽകി.

 അട്ടമേഘങ്ങളെ പിഴിഞ്ഞെടുത്ത കൈകൾ ശങ്കരന്റെ ചെതുമ്പലുകൾ ഇരിഞ്ഞെടുത്തു.അരളിമരത്തിന്റെ വേരുകൾ സെപ്റ്റിക്കായി സംഗീതം പൊട്ടിയൊലിച്ചു.

"എൻ മേഘമേ വാ വാ
ഇതഴ് നീരൈ തൂവ്
മന്മഥകോവിലിൽ പാലഭിഷേകം"

ഈ കളിയുടെ പോക്ക് എങ്ങോട്ടാണെന്ന് പെരിയസാമിക്ക് ചെറുതായിട്ട് പിടികിട്ടിത്തുടങ്ങി.
മേല് മുഴുവൻ ഉണങ്ങിയ ചാറുമായി ശങ്കരൻ ഉറക്കമെണീക്കുമ്പോൾ വെയിലാറിയിരുന്നു. ചുറ്റിനും ഉച്ഛിഷ്ടങ്ങൾ . പാറു എവിടെ? അവന്റെ മുതുകിലെ നഖക്ഷതങ്ങൾക്ക് അട്ടക്കാലുകളുടെ രൂപമായിരുന്നു.

Tuesday, November 11, 2014

മ്യൂസിയംസൂക്ഷിപ്പുകാരുടെ ഡയറിക്കുറിപ്പുകൾ

1912 ജനുവരി 24 -ബുധൻ
പുതിയതായി ഇവിടെ വന്ന കരിങ്കൽ ശിൽപത്തിൽ ഇന്നാദ്യമായി  തൊട്ടു. മ്യൂസിയത്തിലത് വന്നിട്ട് ഒരാഴ്ച്ചയോളമായെങ്കിലും ഇന്നാണ് അതിനെ നേരാംവണ്ണം ഒന്ന് കാണാനും തൊടാനും അവസരം ഒത്ത് കിട്ടിയത്. കൃത്യമായി പറഞ്ഞാൽ രാവിലെ 11 മണിക്ക്. ഇതിന്റെ പിന്നിലുള്ള ചരിത്രവും ഇവളാരാണെന്നും എനിക്കറിയില്ല. പേടി തോന്നും കണ്ടാൽ. കഴുത്തിൽ തലയോടുകൾ കൊരുത്ത മാല, ശരീരത്തിൽ അവിടവിടെ പാമ്പുകൾ, നീണ്ട മുടി...ഞെട്ടിപ്പോകുമെങ്കിലും കണ്ണുടക്കിപ്പോകുന്ന ചിലതൊക്കെ ഈ ശിൽപ്പത്തിലുണ്ട്.

1919 മാർച്ച് 3 - തിങ്കൾ
വൈകുന്നേരം മ്യൂസിയം അടയ്ക്കാൻ ഒരുങ്ങുമ്പോഴാണ് കഴുത്തിൽ ഒരു ചിലന്തി കടിച്ചു തൂങ്ങിക്കിടക്കുന്നത് കണ്ടത്. അതിനെയെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. ഇന്നത്തെ ജോലി കഴിഞ്ഞു.

1928 നവംബർ 16 - വെള്ളി
ഇതിനെ കാട്ടിനുള്ളിലെ കരിയിലപ്പാടത്തിനുള്ളിൽ നിന്നാണ് കണ്ടെടുത്തതെന്ന് പഴയ ഒരു ഡയറിയിൽ എഴുതിക്കണ്ടു. മ്യൂസിയത്തിനടുത്തുള്ള ഈ ഭീകര വനമാകുമോ അത്. ആരാണ് ഒരു യുക്തിയുമില്ലാതെ ഒരു കാഴ്ചബംഗ്ലാവ് ആരും വരാനിടയില്ലാത്ത ഈ സ്ഥലത്ത് പണിത് വച്ചത്...!!!

1935 ആഗസ്റ്റ്‌ 14 - ബുധൻ
 ...സുന്ദരിയാണ്.

1937 ഫെബ്രുവരി 11 - വ്യാഴം
സംഭവം ശെരിയാണ് അവളുടെ ചുണ്ടുകളിൽ ചോറിന്റെ കഷ്ണങ്ങൾ പറ്റിയിരിപ്പുണ്ടായിരുന്നു. എന്തായാലും ഒരു പ്രതിമ അദ്ഭുതമൊന്നും കാണിക്കാൻ പോകുന്നില്ല. ഇന്നാണെങ്കിൽ എന്നത്തേയും പോലെ തന്നെ സന്ദർശകരായിട്ട് ആരുമുണ്ടായിരുന്നില്ല. പിന്നാരാണവൾക്ക് ചോറ് വാരിക്കൊടുക്കാൻ...!!! തുടച്ചു കളയുക എന്നതാണ് എന്റെ ജോലി. ഞാനത് ഭംഗിയായി ചെയ്തിട്ടുണ്ട്. ഇന്ന് നല്ല ക്ഷീണം തോന്നുന്നു. വേഗം ഉറങ്ങണം.

1947 ആഗസ്റ്റ്‌ 15 - വെള്ളി
ആ മുറിയിൽ കയറുമ്പോൾ ആരോ പിന്തുടരുന്നത് പോലെ...

1954 മെയ്‌ 22 - ശനി
അങ്ങേര് പറഞ്ഞത് ശരിയായിരിക്കണം. അവരൊരു പ്രത്യേക ആൾക്കാർ തന്നെ. കാട്ടിനുള്ളിൽ എവിടെയോ ആണ് താമസം. പല്ലുകൾക്ക് നല്ല വെളുപ്പാണ്. ഈ ശിൽപം കാട്ടിനുള്ളിൽ നിന്നും എടുത്ത് ഇവിടെ  വച്ചത് കാരണം ഇക്കൂട്ടരുടെ ചില ക്രിയകൾക്ക് തടസ്സം വന്നിരിക്കണം. ഇവിരെക്കുറിച്ച് വിശദമായി ഏതോ ഒരു പഴയ ഡയറിയിൽ ഞാൻ വായിച്ചിരുന്നു. ഇന്ന് രാവിലെ തന്നെ ശിൽപം അവര് തിരിച്ചു കൊണ്ട്ത്തന്നു. യോനിഭാഗം അൽപം കൊത്തി വലുതാക്കിയിട്ടുണ്ട്.

1961 ഒക്ടോബർ 2 - തിങ്കൾ
പല തവണ തൂപ്പുകാരിയോട് പറഞ്ഞതാണ് ഇതിന്റെ ചുവട്ടിൽ ചവച്ച് തുപ്പരുതെന്ന്. ഇന്ന് അവരുമായി ചെറിയ ഒരു കശപിശയുണ്ടായി.

1969 ഡിസംബർ 19- ചൊവ്വ
കാട്ടിലെ മരങ്ങളിലെല്ലാം ഇവളെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതായി ഇന്ന് പുലർച്ചെ സ്വപ്നം കണ്ടു.

1975 ജൂലയ് 27 - ഞായർ
പ്രതിമയുടെ പുറത്ത് പറ്റിയിരുന്ന ചോര രാത്രിയിൽ കഴുകിക്കളഞ്ഞു. ശവം കാട്ടിനുള്ളിലെ കൂവളത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. മരത്തിന്റെ അടയാളം മനസ്സിലുണ്ട്.

1981 മാർച്ച്‌ 20 - വെള്ളി 
വൃത്തികെട്ട ഈ സാധനം കാരണം ഒരു സ്വൈര്യവുമില്ല. ഇന്ന് ഡയരക്ടർ എന്നോട് ചൂടായി. അതിന്റെ പിൻഭാഗത്ത് ആരോ ചുവന്ന കല്ല്‌ വച്ച് കുത്തിവരച്ചിരിക്കുന്നുവെന്ന്. എന്റെ നോട്ടക്കുറവ് കൊണ്ടാണെന്ന്. മുകളിലത്തെ നിലയിലെ "മാർബിളിലെ കുതിര" യ്ക്കും "പാപത്തിന്റെ ആലിംഗന" ത്തിനും ഒന്നുമില്ലാത്ത എന്ത് പ്രത്യേകതയാണ് ഈ ചവറിനുള്ളത്.

1986 ജൂണ്‍ 25  - ബുധൻ
കഴിഞ്ഞ കാലങ്ങളിലെപ്പോഴോ ഈ മ്യൂസിയം നിൽക്കുന്നിടത്ത് വന്ന് കാക്കകൾ കൂട്ടമായി മരങ്ങളിൽ തലയിടിച്ച് ആത്മഹത്യ ചെയ്തിരുന്നുവത്രേ. ഞാനത് വിശ്വസിച്ചിട്ടില്ല. ഇതേതോ ആത്മഹത്യ ചെയ്ത സ്ത്രീയാണോ?

1991 ഏപ്രിൽ 11 - വ്യാഴം
അവളുടെ കറുത്ത ഇടത്തെ തോളിൽ ഇന്നാദ്യമായി വിള്ളലുകൾ കണ്ടു.

Friday, September 5, 2014

സംഗീതവും ചില കൊലപാതകങ്ങളും.

 വെളിച്ചം നിഴലുകളായി വേഷം മാറിയാണ് ആ കാട്ടിനുള്ളിൽ  കടന്നിരുന്നത്. കാടത് മനസ്സിലാക്കുകയും ഒരിക്കലും രക്ഷപെടാനാകാത്ത വിധം അവയെ തന്റെ രഹസ്യ ഇടങ്ങളിൽ എക്കാലത്തേക്കും തടവിലിടുകയും ചെയ്തിരുന്നു. ഇത് കാലാകാലങ്ങളായി അതിനുള്ളിൽ സംഭവിച്ചു കൊണ്ടിരുന്നു.

അവർ അഞ്ച് പേരുണ്ടായിരുന്നു. സദാ സമയവും ഇരുട്ട് മൂടിക്കിടന്നിരുന്ന വനത്തിൽ ഇപ്പോക്കഴിഞ്ഞ നിമിഷം വരെ അവർ അഞ്ച് പേരേ ഉണ്ടായിരുന്നൊള്ളൂ. വളരെ പെട്ടെന്നായിരുന്നു അവർ ഒരു മുനിയെ മുന്നിൽ കണ്ടത്. അയാൾ തന്റെ ദണ്ഡയിൽ നിന്നും പാല് കറന്ന് കമണ്ഡലുവിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

- "ഇവിടെ എവിടെയാണ് ഋഷ്യമൂകാചലം? ആർദേൻ വനത്തിലാണെന്ന് കേട്ടു." - അഞ്ചിലൊരുവൻ മുനിയോട്  ചോദിച്ചു.

മുനി മുഖമുയർത്തി നോക്കി; ഒന്ന് സംശയിച്ചു.
- "അതെ ഈ കാട്ടിൽ  തന്നെയാണത്. പക്ഷെ ബാലിയും സുഗ്രീവനുമൊക്കെ മരിച്ചിട്ട് വർഷമൊത്തിരിയായല്ലോ. മാത്രമല്ല അതിർത്തി യുദ്ധങ്ങളും ഫ്രാൻസിന്റെ വീഴ്ച്ചയുമൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ, പിന്നാരെ കാണാനാണ്... എന്ത് കാണാനാണ്?"

- " അവിടെയൊരു പഴയ കൊട്ടാരത്തിൽ  റുത്തേൽ  പ്രഭുകുമാരിയുടെ വിവാഹ വിരുന്ന് നടക്കുന്നുണ്ടല്ലോ, അങ്ങോട്ടേയ്ക്കാണ്"

"ഓഹ്...അത് ശരി ...നേരെ നടന്നോളൂ. ഈ കാട്ടിലെ എതിർ അതിർത്തികളിൽ നില്ക്കുന്ന രണ്ട് ബിർച്ച് മരങ്ങളുടെ നിഴലുകൾ പരസ്പരം കോർക്കുമ്പോൾ നിങ്ങളാ കോട്ടയുടെ പൂമുഖത്തെത്തും"

അവർ അഞ്ച് പേർ നിരനിരയായി ഒരു പലക കണക്കെ മുനിക്ക് മുകളിലൂടെ ഉരുണ്ടു പോയി. മുനി എഴുന്നേറ്റ് പുഞ്ചിരിച്ചു കൊണ്ട് എതിർ ദിശയിലേക്കും നടന്നു. അദേഹത്തിന്റെ ചുവടുകൾക്കിടയിൽ രൂപപ്പെട്ട കോണളവിനുള്ളിൽ കുടുങ്ങിപ്പോയ ഒരു തെരട്ടയുടെ കണ്ണുകളിൽ ഋഷ്യമൂകാചലം അന്ധതയായി പരിണമിച്ചു .

പെട്ടെന്ന് ബുയോണിലെ ഡ്യൂക്കിന്റെ പുരികങ്ങൾ ചുളിഞ്ഞു. അയാളുടെ പേശികളിൽ അവിശ്വസനീയത ബലം പിടിച്ചു. അയാൾ അവിടെ കൂടിനിന്ന ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. ആരും അനങ്ങുന്നില്ല.എല്ലാവരും എന്തിലോ മുഴുകി നിൽക്കുകയാണ്. അയാളലറി.

"ഏയ്...എന്താണിത്...!!! ഇത് ലൊറനിലെ പ്രഭുകുമാരാൻ, പുരന്ദരനല്ല...!!! അഹല്യേ ...റുത്തേലിലെ സുന്ദരിയും വിവേകമതിയുമായ കുമാരി, നിനക്കെന്താണ് സംഭവിച്ചത്...!!! നിന്റെ കണ്ണുകൾ തുറന്നു നോക്കൂ...നീ കാത്തിരുന്ന വരനല്ല ഇത്...!!!"

അയാൾ ചുരുണ്ട കറുത്ത മുടിയുള്ള യുവാവിന്റെ നേരെ ആക്രോശിച്ചു.

" അഹങ്കാരി...കുമാരിയുടെ കൈകൾ വിടൂ...നീ ആരാണ്?"

യുവാവ് വലത്തേക്ക് തിരിഞ്ഞ് മദ്ധ്യവയസ്കനായ അയാളെ നോക്കി. അവന്റെ ചുണ്ടിൽ ചുവന്ന വീഞ്ഞിന്റെ മണമുള്ള ചിരി. ഡ്യൂക്കിന്റെ വീർത്ത മുഖം ഒന്നു കൂടി ചുവന്നു. അവിടെ നിന്നിരുന്ന നാല് പ്രഭുക്കന്മാരും അവരുടെ ഭാര്യമാരും, ശ്വാസം കഴിക്കാൻ അറിയാതെ കിടുങ്ങി നിൽക്കുകയാണ്. മാർബിൾ തറയിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് പിയാനോലയിലെ സംഗീതം ഹാളിന്റെ ഇരുണ്ട ഭാഗത്ത്‌ നിന്നും ഒഴുകിക്കൊണ്ടിരുന്നു.

"ആരാടാ നീ ?" ഡ്യൂക്ക് ദേഷ്യം കൊണ്ട് വിറച്ചു.

പെട്ടെന്ന്  കൊട്ടാരത്തിന്റെ ഭീമൻ താഴികക്കുടത്തിന് താഴെയുള്ള ഒരു നീളൻ ജനാലയുടെ ചില്ലുകൾ പൊട്ടിത്തകർന്ന് ആ ഹാളിനുള്ളിലേക്ക് വീണു. സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. ജനാലപ്പടിയിൽ ഒരു കറുത്ത രൂപം. അതിന്റെ കൈയ്യിലിരുന്ന മഴു തിളങ്ങി. അടുത്ത നിമിഷം അത് വീശി വന്ന് ബുയോണിലെ ഡ്യൂക്കിന്റെ കഴുത്തിലേക്ക്‌ തറഞ്ഞു കയറി. അടുത്തുണ്ടായിരുന്ന സിംഹത്തിന്റെ വെണ്ണക്കൽ പ്രതിമയിലും പടിക്കെട്ടിലും ചോര ചീറ്റിത്തെറിച്ചു. ഒരവ്യക്ത ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അയാൾ വിറച്ച് വിറച്ച് താഴെ  വീണു. കഴുത്തിൽ നിന്നും രക്തം പുറത്തേയ്ക്ക് തള്ളിയോഴുകി  തറയിൽ പടരുന്നതിനിടയിൽ ഡ്യൂക്ക് നിശ്ചലനായി.

ഉടലും തലയും വേർപെട്ടു. പിടയ്ക്കാനുള്ള ശക്തി അവന്റെ ദേഹത്തിനുണ്ടായിരുന്നില്ല . പുരന്ദരന്റെ ശരീരം കണ്ട പ്രഭുക്കന്മാരും അവരുടെ പത്നിമാരും ആഹ്ലാദം കൊണ്ട് അവനെക്കാൾ ചുവന്നു തുടുത്തു. അപരിചിതൻ തിരിഞ്ഞ് വേദികയിലേക്കുള്ള പടികളിൽ നിൽക്കുന്ന അഹല്യയെ നോക്കി. അവൾ വിജയശ്രീലാളിതയായി പുഞ്ചിരി തൂകി നിൽക്കുന്നു. അവൾ കൈകൾ കൊണ്ട് തന്റെ വെൽവെറ്റ് ബോൾ ഗൗണിന്റെ തുമ്പുയർത്തിപ്പിടിച്ച്  താഴേക്ക് ഓടിച്ചെന്ന് അവനെ ചുറ്റിപ്പുണർന്നു അമർത്തി ചുംബിച്ചു.അവന്റെ കയ്യിൽ നിന്നും വാൾ താഴെ വീണു.

"ഇനി നിങ്ങൾക്ക് ഭക്ഷണം കഴിക്കാം"- അവർ  അതിഥികളോട് ഒരുമിച്ചു പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട അതിഥികൾ മാത്രമേ ഋഷ്യമൂകാചലത്തിലെ കൊട്ടാരത്തിൽ സന്നിഹിതരായിരുന്നൊള്ളൂ. അതു കൊണ്ട് തന്നെ വളരെ പരിമിതമായിരുന്നു അവരുടെ എണ്ണം. നാല്  പ്രഭുക്കന്മാരും അവരുടെ പത്നിമാരും. എല്ലാവരും ഒരേ നിറത്തിലും ശൈലിയിലുമുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്.  ഒരു വമ്പൻ താഴികക്കുടമാണ് വെണ്ണക്കല്ല് പാകിയ വൃത്താകൃതിയിലുള്ള  ആ ഹാളിന്റെ മേൽക്കൂര. എട്ട് അതിഥികളും  അതിനുള്ളിൽ അവിടവിടെയായി ചിതറി നിൽക്കുന്നു.

"സെഡാനിലെ ദുർമന്ത്രവാദിനിയെ ചുട്ടത് ഒരു കാഴ്ച തന്നെയായിരുന്നു. എന്നെ പ്രത്യേകം ക്ഷണിച്ചിരുന്നു. പക്ഷെ... അവളുടെ മാംസം കരിഞ്ഞപ്പോൾ അവിടമാകെ ഒരു സുഗന്ധം പരന്നു; കണ്ണടച്ചിരുന്നപ്പോൾ ഒരു നൂറ് ലൈലാക്ക് പൂക്കളുടെ നടുവിൽ നില്ക്കുന്നത് പോലെ."- ബുയോണിലെ ഡ്യൂക്കിന്റെ മുഖം കൈയ്യിലിരുന്ന  പളുങ്ക് പാത്രത്തിലെ വീഞ്ഞിനെക്കാൾ തുടുത്തു.

ഒരു നിശബ്ദതയ്ക്ക് ശേഷം അടുത്ത് നിന്ന വൂസ്സിയെയിലെ കൗണ്ട് അല്പം ആവേശത്തോടെ പറഞ്ഞു.

"ഇന്ന് നമ്മുടെ വിവാഹവധു വിരുന്നിൽ എത്തുന്നത് അതീവസുന്ദരിയായിട്ടാകും. ലൈലാക്കുകൾ താനേ പൂക്കും"

അവർ ഒരുമിച്ചു ചിരിച്ചു.

 ബറോക്ക്- റൊക്കോക്കോ മാതൃകകളുടെ അതിമനോഹരമായ ലയനമായിരുന്നു ആ കൊട്ടാരം.  ചുവരുകളിലെ വെള്ളിമെഴുകുതിരിക്കാലുകളിൽ മെഴുക് ഉരുകി വീണു തുടങ്ങി. പുറത്ത് സന്ധ്യ കഴിഞ്ഞിരുന്നു. മറ്റ് മുറികളിലേക്ക് പോകാനുള്ള ഒരു വാതിലും അവിടെയെങ്ങും കാണാനില്ല. എന്നാൽ ഹാളിന്റെ പിൻഭാഗം ഇരുട്ട് മൂടിക്കിടക്കുകയാണ്. അവിടെ നിന്നാണ് പരിചാരിക  കടന്നു വന്നത്. ഒരു പക്ഷെ വാതിലുകൾ ആ ഇരുട്ടിൽ മൂടിക്കിടക്കുകയാകും.

എല്ലാവരും സന്തോഷത്താൽ മതിമറന്ന് നൃത്തത്തിലും സംഗീതത്തിലും ഉമ്മകളിലും മുഴുകിയപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ , കൈകൾ നിലത്തു കുത്തി കാൽമുട്ടുകളിൽ ഇഴഞ്ഞ് ഒരാൾ ഹാളിലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നിരങ്ങി വരുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾക്ക് താഴെ ഡ്യൂക്കിന്റെ രക്തം പുരണ്ട സിംഹ പ്രതിമയ്ക്ക് അരികിലേക്ക് അയാളെത്തി. മണ്ണും ചളിയും പുരണ്ട കീറിപ്പറിഞ്ഞ കാൽക്കുപ്പയം... അരയ്ക്ക് മുകളിലേക്ക് അയാൾ നഗ്നനായിരുന്നു ...ചുരുണ്ട തലമുടിയിഴകളിൽ കരിയിലകൾ കുരുങ്ങിക്കിടക്കുന്നു.. അയാളുടെ വായിൽ നിന്നും കുറുകിയ ചോര തറയിൽ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. മാർബിളിൽ മാതളനാരങ്ങയുടെ വിത്തുകൾ.. അയാളെ ആദ്യം കണ്ടത് ബുയോണിലെ ഡ്യൂക്കിന്റെ പത്നിയായിരുന്നു. അവൾ ഞെട്ടിത്തരിച്ചു. മുഖം വിളറി വെളുത്തു. സംഗീതം നിലച്ചു.

കൊത്തുപണികൾ കൊണ്ട് നിറഞ്ഞ് ചുവരിനോട് ചേർന്ന് കിടക്കുന്ന തടിമേശമേൽ പിയാനോല ഗീതത്തിനനുസരിച്ചു മെഴുകുതിരി നാളം ചലിക്കുന്നു. വിറയ്ക്കുന്ന വെളിച്ചത്തിൽ ഒരു സ്ത്രീ ബുയോണിലെ ഡ്യൂക്കിനെ വീക്ഷിക്കുന്നുണ്ടായിരുന്നു. അയാളും വൂസ്സിയെയിലെ കൗണ്ടുമായുള്ള സംഭാഷണങ്ങൾ. കൗണ്ടിന്റെ സമീപത്തേക്ക് മെലിഞ്ഞ ഒരുവൾ  നടന്നു വന്ന് അയാളുടെ അരയിൽ കൈകൾ ചുറ്റി. ഡ്യൂക്കിനോട് പിരിഞ്ഞ്  അവർ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. അവിടമാകെ നിറഞ്ഞു കേട്ടുകൊണ്ടിരുന്ന സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി. ഡ്യൂക്കിന്റെ മുഖത്തെ നിരാശ ആ സ്ത്രീ തിരിച്ചറിഞ്ഞു.

അപരിചിതൻ അഹല്യ നൽകിയ  വാൾതലപ്പ്‌ കൊണ്ട് കുനിഞ്ഞ് തറമുട്ടിക്കിടന്ന പുരന്ദരന്റെ തല ഉയർത്തി. അവന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞിരുന്നു. ജീവൻ തീർത്തും നശിച്ചു കഴിഞ്ഞിരുന്നു. രക്തം പടർന്ന മുഖത്തേക്ക് നോക്കി അയാൾ വാളുയർത്തി ആഞ്ഞ് വെട്ടി. കൂടി നിന്നവർ ഈ കാഴ്ച കണ്ട് ഉന്മാദചിത്തരായി. അവർ ആർത്തുവിളിച്ചു. അവരുടെ സന്തോഷം തുളുമ്പിയ ശബ്ദം ഒരു സംഗീതമായി അവിടെ ഉയർന്നു. പക്ഷെ...ബുയോണിലെ പ്രഭ്വി തന്റെ മുഖം തിരിച്ച് ഭിത്തിയോട് അമർത്തിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകളിൽ ആളുകളുടെ ആരവം തുള്ളികളായി ഉറഞ്ഞു കൂടി.

പ്രധാന തളത്തിന്റെ / ഹാളിന്റെ ഒത്ത നടുക്കായി വെണ്ണക്കല്ലിൽ പണിത ഇരുപത് പടികളുണ്ട്. അതിന് മുകളിലായി ഒരു വേദിക ഒരുക്കിയിരിക്കുന്നു. അവിടെ രണ്ട് രാജകീയ ഇരിപ്പിടങ്ങൾ. വധൂ വരന്മാർക്കുള്ള പ്രത്യേക കസേരകൾ ആണെന്നുള്ളത് തീർച്ചയാണ്. പടികൾ തുടങ്ങുന്നിടത്ത് രണ്ട് വശങ്ങളിലായി രണ്ട് മാർബിൾ സിംഹങ്ങൾ വാ പിളർന്നു നിൽക്കുന്നു. പക്ഷെ ഈ പടികളും അവ കൊണ്ടെത്തിക്കുന്ന വേദികയും എങ്ങനെ പണിതു എന്നത് അവിടെ കൂടി നിന്നവരിൽ സംശയങ്ങൾ ജനിപ്പിച്ചു. എന്തിലാണ് ഇത് താങ്ങി നിർത്തപ്പെട്ടിട്ടുള്ളത്‌ !!! പല പല അഭിപ്രായങ്ങളിലൂടെ വെറുതേ അലഞ്ഞ് നടന്ന് , വാഗ്വാദങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ വാൽമിയിലെ ഡ്യൂക്ക് പറഞ്ഞതിനെ എല്ലാവരും ഒരു പോലെ സ്വീകരിച്ചു.

"പിന്നിൽ പടർന്നു കിടക്കുന്ന ഈ ഇരുട്ടിലായിരിക്കണം പ്ലാറ്റ്ഫോം ഉറപ്പിച്ചിട്ടുള്ളത്."

ഒരസംബന്ധം എന്ന രീതിയിൽ എല്ലാവരും പരസ്പരം നോക്കിയെങ്കിലും അതിനെ എതിർക്കാനുള്ള പഴുത് ആർക്കും കണ്ടെത്താനായില്ല. കാരണം ഇരുട്ടിനെ ക്കുറിച്ച് അവർക്ക് ഒന്നുമറിയില്ലായിരുന്നു. ഇതടിസ്ഥാനപ്പെടുത്തി അവർ പല പല നിഗമനങ്ങൾ അവരവരുടെ മനസ്സുകളിൽ ഉരുവപ്പെടുത്തി സ്വയം തൃപ്തരായി.

ബുയോണിലെ ഡ്യൂക്കിന്റെ കഴുത്തിലെ മുറിവായിൽ നിന്നും രക്തം കുതിച്ചോഴുകുന്നത് കണ്ട വാൽമിയിലെ പ്രഭ്വി മോഹാലസ്യപ്പെട്ട്‌ കസേരയും മരിച്ചിട്ട് കൊണ്ട് താഴെ വീണു. ബാർ ലെ ദുക്കിലെ പ്രഭുവും ഭാര്യയും പേടിച്ചരണ്ട് പുറത്തേക്കുള്ള വാതിലിലേക്ക് ഓടിച്ചെന്ന് തുറക്കാൻ ശ്രമിച്ചു. പക്ഷെ അതാരോ പുറത്തു നിന്നും പൂട്ടിയിരുന്നു. അവർ അത്യുച്ചത്തിൽ നിലവിളിച്ചെങ്കിലും മറുപടി അടഞ്ഞു തന്നെ കിടന്നു. എന്നാൽ ബുയോണിലെ ഡ്യൂക്കിന്റെ പത്നിയുടെ മുഖം ഭാവ രഹിതമായിരുന്നു. അവർ പഴയ പോലെ വിറയ്ക്കുന്ന മെഴുകുതിരി വെളിച്ചത്തിന്റെ പരിധിയ്ക്കുള്ളിൽ ഉറച്ച ഭിത്തിയോട് ചേർന്ന് നിന്നു.

അവിടെ കൂടി നിന്നിരുന്ന പ്രമാണികളും പരിചാരികമാരും സംഗീതത്തോടൊപ്പം തന്നെ നിശ്ചലമായി. അവരുടെ കണ്ണുകൾ ഇഴഞ്ഞ് വരുന്ന മനുഷ്യരൂപത്തിൽ വീണു.

ബുയോണിലെ പ്രഭ്വിയുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.

"പുരന്ദരൻ....!!! ഡ്യൂക്ക് ദു ലൊറാൻ...!!! ദൈവമേ...!!!"

 ചോരയൊലിപ്പിച്ചു വൃത്തികേടായി മുട്ടിലിഴഞ്ഞ്‌ വരുന്നത്  ഒരു പ്രഭുകുമാരനാണെന്ന് വിശ്വസിക്കാനാകാതെ അവർ വാ പൊളിച്ചു. പക്ഷെ ഒരു വിരുന്ന് നശിപ്പിക്കാൻ എത്തിയവനോടുള്ള അസഹിഷ്ണുതയായിരുന്നു അവരിലാകമാനം തെളിഞ്ഞു നിന്നത്. പരസ്പരം മുറുമുറുത്തു. വധൂവരന്മാർ കാര്യമറിയാനായി വേദികയ്ക്ക് മുകളിൽ നിന്നും പകുതി പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് നോക്കി.

അയാൾ നീങ്ങി ഹാളിനു നടുക്കെത്തി. പടിക്കെട്ടുകൾക്ക് മുകളിലേക്ക് അഹല്യയേയും കൂടെ നിന്നിരുന്ന യുവാവിനെയും നോക്കി. പെട്ടെന്ന് അയാളുടെ വായിൽ നിന്നും ചോര കുത്തിയൊഴുകി. അയാൾ തന്റെ പാതി നാക്ക് പുറത്തേക്ക് തുപ്പിയിട്ടു. ബുയോണിലെ ഡ്യൂക്കിന്റെ രക്തം ഉണങ്ങിയ തറ വീണ്ടും നനഞ്ഞു. ആളുകൾ കണ്ണുകൾ പൊത്തി. ബുയോണിലെ പ്രഭ്വിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ കവിളിലൂടെ കണ്ണുനീർ ചാലിട്ടു.

പരിചാരികയായ ആ കുറിയ സ്ത്രീയുടെ ചുണ്ടിൽ പഴയ അസാധാരണ ചിരി പരന്നു.

ബാർ ലെ ദുക്കിലെ പ്രഭ്വി തന്റെ കണ്ണുകളിലേക്ക് ഊർന്ന് വീണ മുടിയിഴകൾ വിരലുകൾ  കൊണ്ട്  മാടിയൊതുക്കി,  ബുയോണിലെ ഡ്യൂക്കും വൂസ്സിയെയിലെ കൗണ്ടുമായുള്ള സംസാരങ്ങൾ നോക്കിക്കൊണ്ട്‌,  തന്റെ അതേ ഇരിപ്പിടത്തിലിരുന്ന വാൽമിയിലെ പ്രഭ്വിയോട് പറഞ്ഞു.

"ബുയോണിൽ ഇപ്പോഴൊരു ചൊല്ല് പരക്കുന്നുണ്ട്. അവിടുത്തെ ഡ്യൂക്കിന് ആ പ്രദേശത്തുള്ള എല്ലാ സ്വർണ്ണ തലമുടിക്കാരന്മാരുടേയും എവിടെയൊക്കെ തവിട്ട് മറുകുകളുണ്ടെന്നു കൃത്യമായിട്ട് അറിയാമെന്ന്."

അപ്പോഴേക്കും കൗണ്ടിന്റെ സമീപത്തേക്ക് മെലിഞ്ഞ ഒരു സ്ത്രീ നടന്നു വന്നു. അവൾ അയാളുടെ അരയിൽ കൈകൾ ചുറ്റി. ഡ്യൂക്കിനോട് പിരിഞ്ഞു അവർ ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു. അവിടമാകെ നിറഞ്ഞു കേട്ടുകൊണ്ടിരുന്ന സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ തുടങ്ങി.

ഇത് കണ്ട വാൽമിയിലെ പ്രഭ്വി അവരോടു  അടുത്തിരുന്നു കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അവൾക്ക് കണ്ണിന് നല്ല കാഴ്ചയുണ്ട്"

അവരിരുവരും ഒരുമിച്ച് മുഖം പൊത്തി ചിരിച്ചു. ഒരു കുറിയ പരിചാരിക അവരുടെ മുന്നില് മദ്യഗ്ലാസ്സുകളുമായെത്തി. അവളവരെ ഒരസാധാരണ നോട്ടം നോക്കി. പ്രഭ്വികൾ വേണ്ട എന്ന് ആംഗ്യം കാട്ടി. അവൾ മറ്റുള്ളവരുടെയടുത്തേക്ക് നീങ്ങി.

കൊത്തുപണികൾ നിറഞ്ഞ തടിമേശമേൽ ചാരി നിന്നിരുന്ന ബുയോണിലെ പ്രഭ്വിയുടെ അടുത്തേക്ക് പരിചാരികയെത്തി. അതേ നോട്ടം; പിന്നെ പതുക്കെ പറഞ്ഞു.

"ബുയോണിലെ ചൊല്ല് അവർ പറഞ്ഞു ചിരിക്കുന്നു"

മേശമേൽ ഗ്ലാസ് വച്ചിട്ട് അവൾ കടന്നു പോയി. പിയാനോല ഇരുട്ടിൽ ഒന്ന് മുറുകി. പ്രഭ്വിയുടെ മങ്ങിയ കണ്ണുകളിൽ മെഴുക് വെളിച്ചം ഉരുക്കിയൊഴിച്ചു. അവൾ ചുമരിനോട് ചാരി നിന്ന് കൊണ്ട് താഴികക്കുടത്തിലേക്ക് മുഖമുയർത്തി. ചിന്തകളിൽ പുരന്ദരൻ. അവളുടെയുള്ളിൽ അനേകം ബിർച്ച് മരങ്ങൾ മുറിഞ്ഞു വീണുകൊണ്ടിരുന്നു. അടിവസ്ത്രങ്ങൾ നനയുന്നത് അവളറിഞ്ഞു.

അതു വരെ അവിടെയെങ്ങും വന്നിട്ടില്ലാത്ത ഒരാൾ ഹാളിലെ അന്ധകാരത്തിൽ നിന്നും കടന്നു വന്ന് (മേൽനോട്ടക്കാരൻ ആയിരിക്കണം) ആദ്യ പടിയിൽ കയറി നിന്ന് കൊണ്ട് നിർവികാരമായി എല്ലാവരെയും സ്വാഗതം ചെയ്തു.

"ക്ഷണിക്കപ്പെട്ട ഇവിടെ വന്നെത്തിയ എല്ലാ അതിഥികൾക്കും നന്ദി. ലൊറാൻ ഡ്യൂക്ക് ഏതാനും സമയത്തിനകം ഈ കൊട്ടാരത്തിൽ എത്തിച്ചേരും. ശേഷം വിരുന്നാരംഭിക്കുന്നതാണ്."

-നിശബ്ദത-

"ഞാൻ കുമാരിയെ ക്ഷണിക്കുന്നു"

അയാൾ പടിയിൽ നിന്നും ഇറങ്ങി ഒരു സിംഹരൂപത്തിനോട് ചേർന്ന് നിന്ന് ഇരുട്ടിലേക്ക് നോക്കി കൈകൾ നീട്ടി വളരെ വിനയത്തോടെ അഹല്യയെ ആ മുറിയിലേക്ക് ക്ഷണിച്ചു.

കൊട്ടാരത്തിന് ചുറ്റും പുറത്ത് പലയിടങ്ങളിലായി ഒരേ വസ്ത്രങ്ങൾ  ധരിച്ച നാലാളുകൾ. ശരീരം മുഴുവൻ കറുത്ത കുപ്പായമിട്ട് മൂടി അതിനു മുകളിലൂടെ വെളുത്ത കയറുകൾ വരിഞ്ഞ് കെട്ടിയിരിക്കുന്നു. കറുത്ത തുണി കൊണ്ട് പകുതി മറച്ച എല്ലാ മുഖങ്ങളിലും ഒരേ പോലെ വളർത്തിയെടുത്ത ഗൊയട്ടീ മീശകൾ. പുറത്തെ ഇരുട്ടിൽ അവർ മറഞ്ഞു നിന്നു.

ഉള്ളിലെ ഇരുട്ടിൽ എവിടെയോ ഒരു കാലനക്കം. അതടുത്തടുത്തു വന്നുകൊണ്ടിരുന്നു. വെളിച്ചത്തിലേക്ക് ഒരു നീല വെൽവെറ്റ് തുണിയുടെ തുണ്ട് വന്നു വീണു. അതിനടിയിൽ വെളുത്ത കാൽപ്പാദങ്ങൾ അവൾ കാഴ്ച്ചയുടെ വെട്ടത്തിലേക്ക് നടന്നു കയറി. അഹല്യ നീല വെൽവെറ്റ് ബോൾ ഗൗണിൽ അതീവ സുന്ദരിയായി കാണപ്പെട്ടു. ആണുങ്ങൾ കാമാതുരരായി, അതിലുമധികം അസൂയാലുക്കളായി അവരുടെ പത്നിമാർ. അവൾ ചിരിച്ചു കൊണ്ട് പടികൾക്ക് മുകളിൽ കയറിനിന്നുകൊണ്ട് വന്നവരെ അഭിസംബോധന ചെയ്തു.

"ഞാൻ..."

പെട്ടെന്ന് ഒരു ശബ്ദത്തോടെ മുൻവാതിൽ തുറക്കപ്പെട്ടു. നിഴലിൽ മുങ്ങി ഒരു മനുഷ്യരൂപം, എല്ലാവരുടെയും അഹല്യയടക്കം, കണ്ണുകൾ അങ്ങോട്ട്‌ തിരിഞ്ഞു.

അഹല്യയുടെ അധരങ്ങൾ വിറച്ചു. കണ്ണുകൾ വിടർന്നു.

"ഡ്യൂക്ക്...!!!"

കാട്ടിൽ നിന്നിരുന്ന രൂപങ്ങൾക്ക് അനക്കം വച്ചു. അവർ മാളികയ്ക്ക് നേരെ നടന്നടുത്തു. ചുവരുകളിലൂടെ കൊട്ടാരത്തിന് മുകളിലേക്ക് പിടിച്ചു കയറാൻ തുടങ്ങി.

അവൻ നടന്ന് അവളുടെയടുത്തെത്തി. അടുത്ത് നിന്ന പ്രഭുക്കന്മാരും ഭാര്യമാരും പരിചാരികമാരും തല കുനിച്ചു വന്ദിച്ചു. അവൻ മാർബിൾ തറയിൽ മുട്ടുകുത്തി അവളുടെ കയ്യ്കളെടുത്ത് ചുംബിച്ചു. അവളേതോ ഇന്ദ്രജാലത്തിൽ പെട്ടത് പോലെ കിടുങ്ങി നിന്നു. പെട്ടെന്ന് ബുയോണിലെ ഡ്യൂക്കിന്റെ പുരികങ്ങൾ ചുളിഞ്ഞു.

അഹല്യ അവനോട് ചേർന്ന് നിന്നു. അവന്റെ ശരീരത്തില നിന്നും ബുയോണിലെ ഡ്യൂക്കിന്റെ രക്തം അവൾ തുടച്ചെടുത്തു. അവൾ അവന്റെ പച്ച കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു.
"ഞാൻ മുങ്ങിച്ചാവുകയാണ്...അറിയപ്പെടാത്ത നിന്റെ പ്രണയത്തിന്റെ കയങ്ങൾ എനിക്കായി തുറന്നിടുക. നിന്റെ നീരാളിയെ എനിക്കായി വിട്ടു തരൂ."
അവന്റെ തൊണ്ട വിറച്ചു.
"ഞാൻ ഒരു വഴിപോക്കൻ ...ഒരപരിചിതൻ..എന്റെ സഹയാത്രികർ ഈ കൊട്ടാരത്തിന്റെ പലയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്."
വധൂവരന്മാർ പടിക്കെട്ടുകൾക്ക് മുകളിലെ വെദികയിലെത്തി പരസ്പരം കൈകോർത്തു പിടിച്ചു. സംഗീതം ആനന്ദമയമായി.എല്ലാവരും സന്തോഷത്താൽ മതിമറന്ന് നൃത്തത്തിലും സംഗീതത്തിലും ഉമ്മകളിലും മുഴുകി.

പുരന്ദരൻ എന്തൊക്കെയോ മുരളുന്നുണ്ടായിരുന്നു. പ്രമാണികൾ അയാളിൽ നിന്നും അകന്നു നിന്നു. അറപ്പ് പുരണ്ട ഭാവങ്ങൾ. അഹല്യയുടെ ശബ്ദം.

"വിരുന്ന് ആരംഭിക്കാൻ പോകുകയാണ്."

അവർ കയ്യടിച്ച് സ്തുതി പാടി. അവൾ വാളെടുത്ത് അപരിചിതന്റെ നേരെ നീട്ടി. അത് സ്വീകരിച്ചു കൊണ്ട് അയാൾ താഴേക്ക് ഇറങ്ങിച്ചെന്നു. ആൾക്കൂട്ടം ചിരിച്ചു കൊണ്ട് ആർപ്പ് വിളിച്ചു.

"അവനെ കൊല്ലൂ..."

തന്റെ കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നതായി ബുയോണിലെ പ്രഭ്വിക്ക് തോന്നി. ദേഷ്യം കൊണ്ട് അവൾ അടിമുടി വിറച്ചു. തന്റെ ഭർത്താവിനെ കൊന്നപ്പോൾ തോന്നാതിരുന്ന വ്യഥയും സഹതാപവും  ആദ്യമായി കാണുന്ന ഈ പുരന്ദരനോട് എന്ത് കൊണ്ട് തോന്നുന്നു എന്നാലോചിച്ച് അവൾ തകർന്നു. പ്രഭുവിന്റെ കഴുത്ത് പിളർത്തിയ ഇവനോട് ഒരു ദേഷ്യവും തോന്നിയിരുന്നില്ല. എന്നാലിപ്പോ  ഉടൽ മുഴുവൻ കലി തുള്ളുന്നു. ചൂടെടുക്കുന്നു. കയ്യിലിരുന്ന ഗ്ലാസ്‌ അവൾ ഞെരിച്ചുടച്ചു.

"ഇനി നിങ്ങൾക്ക് ഭക്ഷിക്കാം"

ഇതും പറഞ്ഞ് അഹല്യയും അപരിചിതനും പുരന്ദരന്റെ ശരീരം കവച്ചു വച്ച് മുൻ വാതിലിനടുത്തേക്ക് നടന്നു. പ്രഭ്വിമാരുടെ വായിൽ നിന്നും വെള്ളമൂറി ചുണ്ടുകൾക്കിടയിലൂടെ ഒഴുകി. അവർ കൊതിയോടെ അവന്റെ ചോരയ്ക്ക് മൂക്ക് കൊടുത്തു. പ്രഭുക്കന്മാരും ഭാര്യമാരും പതുക്കെ ചെന്നായ്ക്കളായി മാറി. നീരിറ്റ് വീഴുന്ന നീളൻ നാക്കുകളുമായി അവർ പുരന്ദരനെ പൊതിഞ്ഞു. പരിചാരിക വീഞ്ഞ് നിറച്ച  ഗ്ലാസ്സ് കയ്യിൽ എടുത്ത് മുറിയുടെ ഒരു ഭാഗത്തിട്ടിരുന്ന കസേരയിൽ ചെന്നിരുന്നു. വീഞ്ഞ് മൊത്തി അവൾ, അവന്റെ ശരീരം കടിച്ചു കീറുന്നത് നോക്കിയിരുന്നു. അന്ധകാരത്തിന്റെ സംഗീതവും കടുപ്പമേറിയ വീഞ്ഞും അവളെ ലഹരി പിടിപ്പിച്ചു. മാംസം പറിച്ചെടുക്കുമ്പോഴും എല്ലുകൾ പൊട്ടിക്കുമ്പോഴുമുള്ള ഒച്ച ചെവിയിൽ വന്ന് വീഴുമ്പോൾ ബുയോണിലെ പ്രഭ്വി ഒരു തീരുമാനത്തിലെത്തിയിരുന്നു.

അവൾക്ക് ചെന്നായ്ക്കളെ മെരുക്കാനുള്ള അപാര കഴിവുണ്ടായിരുന്നു.

കൊട്ടാരത്തിന് പുറത്തെ പുൽത്തകിടിയിൽ അവർ പുണർന്ന് കിടക്കുമ്പോൾ ഉള്ളിൽ അവന്റെ സഹയാത്രികർ ഒന്നൊന്നായി അത്താഴത്തിന് രുചി കൂട്ടുന്ന വിഭവങ്ങളായി മാറുകയായിരുന്നു. ഹാൾ മുഴുവൻ ചോരയും ഇറച്ചിത്തുണ്ടുകളും എല്ലിൻ മുട്ടികളും ചിതറിക്കിടന്നു. ചെന്നായ്ക്കൾ അങ്ങോട്ടുമിങ്ങോട്ടും കഷ്ണങ്ങൾ പിടിച്ചു പറിച്ചു, കോമ്പല്ലുകൾ ഉരസി. പരിചാരിക അപ്പോഴേക്കും തലയ്ക്ക് മത്ത് പിടിച്ച്  ഉച്ചിഷ്ടങ്ങൾക്കിടയിൽക്കിടന്ന്‌ ഉറക്കം പിടിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആർത്തി മൂത്ത ജന്തുക്കൾ അവളെ വന്ന് മണത്തുകൊണ്ടിരുന്നു പക്ഷെ അതിനുള്ള അനുവാദം പ്രഭ്വി അവർക്ക് നൽകിയിരുന്നില്ല. ചോരയിൽ കുളിച്ചും ഇമ്പമേറിയ ഈണത്തിൽ തെന്നിയും ബുയോണിലെ പ്രഭ്വി സന്തോഷവതിയായി അവിടെ മുഴുവൻ പറന്നു നടന്നു.

ഇരുട്ടിൽ പരസ്പരം മതിമറന്ന് ചുംബിച്ച് കിടന്ന അവരുടെ ചുറ്റും അനേകം കണ്ണുകൾ തിളങ്ങി.
കൊട്ടാരത്തിന് മുന്നിൽ നിന്നുകൊണ്ട്  ഋഷ്യമൂകാചലതിലെ രാജ്ഞി ആ കണ്ണുകൾക്ക് അനുവാദം നൽകി.

നിലവിളികളും മുരൾച്ചകളും നിശബ്ദതയും ഇരുളിലൂടെ പറന്ന് ചെന്ന് ആരും കാണാത്ത പിയാനോലയുടെ ഉദരത്തിൽ അടിഞ്ഞു കൂടി. അടുത്ത വിരുന്നിന് ചെവിയോർത്ത്...
മുനി തന്റെ ദണ്ഡയിൽ നിന്നും പാല് കറന്നു കൊണ്ട് കാത്തിരിപ്പാരംഭിച്ചു.