Thursday, November 21, 2013

Censored (2013)

Censored 1 (2013)
Photo Manipulation


                                                               
Censored 2 (2013)
Photo Manipulation

Censored 3 (2013)
Photo Manipulation

Sunday, November 10, 2013

പ്യൂമിസ്

(പ്യൂമിസ്: വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു തരം പാറ)

എത്രാമത്തെ നിലയിലാണ് ഇങ്ങനെ തൂങ്ങി നില്ക്കുന്നത് എന്ന് തിട്ടമില്ല. എന്തായാലും നല്ല ഉയരത്തിലാണ്. പക്ഷെ, എത്ര പൊക്കത്തിലായാലും ഈ ചുവരുകളുടെ ഉയരം മാത്രമേ അനുഭവപ്പെടുന്നൊള്ളൂ . അല്പ്പം പഴക്കമുള്ള കെട്ടിടമാണ്. കോണ്‍ക്രീറ്റ് മേൽക്കൂരയിൽ തുരുമ്പിച്ച ഇരുമ്പ് കമ്പികൾ തെളിഞ്ഞിട്ടുണ്ടെന്നുമുറപ്പാണ്. കാരണം എക്സ്ട്രോക്കുലാർ പേശികളിൽ തുരുമ്പിന്റെ പരുപരുപ്പ് അറിയുന്നുണ്ട്. ഒരു പക്ഷെ ആ കമ്പികളിൽ ആയിരിക്കും തൂക്കിയിട്ടിരിക്കുന്നത്. അനേകം ഒപ്റ്റിക് നാഡികളും ധമനികളുമൊക്കെ ചുറ്റിക്കെട്ടി...സ്ക്ലീറയുടെ പിൻഭാഗത്ത് സിമെന്റ് തരികൾ വീണിട്ടുണ്ടാകണം; ചൊറിയുന്നുണ്ട്. ലെൻസിൽ നേരിയ ചൂടടിക്കുന്നുണ്ട് (സമയം രാവിലെ 6.21 ആയതേ ഉള്ളെങ്കിലും). ഈ കിടപ്പിൽ മുകളിൽ നിന്നുള്ള ദൃശ്യം (Top View ) മാത്രമേ സാധ്യമാവുകയുള്ളൂ. എന്നാലും കാഴ്ച വ്യക്തമാണ്.

നോർമൽ വിഷൻ:

 സമചതുരാകൃതിയിലുള്ള ഒരു ചെറിയ മുറി. അറ്റാച്ച്ഡ്‌ ബാത്ത് റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു. ഇളം നീല നിറത്തിലുള്ള റ്റൈൽസ് പാകിയിരിക്കുന്നു. വെള്ള വലിച്ച ചുമരുകളാണെങ്കിലും പഴക്കം മൂലം മിക്കയിടങ്ങളിലും പൊട്ടലുകളും, വിള്ളലുകളും കറകളുമൊക്കെ വ്യക്തമാണ്. (പ്രത്യേകിച്ച് മുകളിലെ മൂലകളിൽ). ജനലും മുറിയുടെ കതകും അടഞ്ഞ് കിടക്കുന്നു. മുറിയുടെ മൂലയിൽ കൂടിക്കിടക്കുന്ന വെള്ളക്കടലാസുകൾ നീലയുടെ പശ്ചാത്തലത്തിൽ എഴുന്ന് നില്ക്കുന്നു. ഒരരിക് ചേർന്ന് ചാരനിറത്തിലുള്ള ഒരിരുമ്പ്  കട്ടിൽ കിടപ്പുണ്ട്. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. മെത്തയിൽ ഏകദേശം 15- 16 വയസ്സ് പ്രായമുള്ള ഒരാണ്‍കുട്ടി കിടക്കുന്നുണ്ട്. ആണാണെന്ന്, പക്ഷെ അത്രയ്ക്ക് ഉറപ്പിച്ച് പറയാൻ സാധ്യമല്ല കാരണം ലെൻസിൽ നല്ല ചൂടടിക്കുന്നത്  കാഴ്ച്ചയെ മങ്ങിക്കുന്നുണ്ട്. അവനിട്ടിരിക്കുന്നത്  ഷർട്ടും പാന്റ്സും ആണെന്ന് തോന്നുന്നു.നല്ല ഉറക്കത്തിലാണോ അതോ മരിച്ച് കിടക്കുവാണോ എന്നറിയില്ല. ഇത്ര സമയത്തിനുള്ളിൽ അവന്റെ ശരീരം വ്യക്തമായി അനങ്ങിയിട്ടില്ല.എന്നാൽ ശ്വാസം എടുക്കുന്നുണ്ടോ എന്ന് കാണാനും കഴിയുന്നില്ല. കട്ടിലിന്റെ അരികിൽ,തറയിൽ ഒരു ഭീമൻ തേനീച്ച പറ്റിയിരിപ്പുണ്ട്. വെള്ള പൂശിയ ചുവരുകൾക്കിടയിൽ ഇളം നീല പശ്ചാത്തലത്തിൽ ഓറഞ്ച് നിറമുള്ള വിരിപ്പിൽ ഒരാൾ - കണ്ണിന് രസമുള്ള കാഴ്ച തന്നെ.

സൂം 1x

 സമചതുരാകൃതിയിലുള്ള ഒരു ചെറിയ മുറി. ഒരു വശത്ത് മറ്റൊരു റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നു; അതിന്റെ പകുതി ഭാഗം മാത്രമേ ദൃശ്യ പരിധിയിൽ വരുന്നൊള്ളൂ. (അറ്റാച്ച്ഡ്‌ ബാത്ത് റൂം ആകാനാണ് സാധ്യത). ഇളം നീല നിറത്തിലുള്ള റ്റൈൽസ് പാകിയിരിക്കുന്നു. വെള്ള വലിച്ച ചുമരുകളാണെങ്കിലും പഴക്കം മൂലം മിക്കയിടങ്ങളിലും പൊട്ടലുകളും, വിള്ളലുകളും കറകളുമൊക്കെ വ്യക്തമാണ് (പ്രത്യേകിച്ച് മധ്യഭാഗത്തുള്ള അരികുകളിൽ). അടഞ്ഞു കിടക്കുന്ന ജനലിന്റെയും മുറിയുടെ കതകിന്റെയും പകുതി ഭാഗം ദൃശ്യമാണ്. മുറിയുടെ മൂലയ്ക്ക് എന്തോ കൂടിയിട്ടിരിക്കുന്നതിന്റെ ഭാഗങ്ങൾ, വെളുത്ത തുണിക്കഷ്ണങ്ങൾ ആണെന്ന് തോന്നുന്നു, നീലയുടെ പശ്ചാത്തലത്തിൽ എഴുന്ന് നില്ക്കുന്നു. ഒരരിക് ചേർന്ന് ചാരനിറത്തിലുള്ള ഒരിരുമ്പ്  കട്ടിൽ കിടപ്പുണ്ട്. അതിൽ ഓറഞ്ച് വിരിപ്പുള്ള മെത്തയും. മെത്തയിൽ 35 വയസ്സ് പ്രായമുള്ള ഒരാൾ  കിടക്കുന്നുണ്ട്. അയാളിട്ടിരിക്കുന്നത് പച്ച ചെക്ക് ഷർട്ടും വെള്ളമുണ്ടുമാണ്. ഇടത്തേ കൈ കട്ടിലിന് പുറത്തേയ്ക്ക് വീണിട്ടുണ്ട് . കണ്ണും വായും തുറന്നിരിക്കുകയാണ്. ആള് മരിച്ചത് തന്നെ. അയാളുടെ ഹൃദയത്തിന്റെ ഭാഗത്ത് എന്തോ പൊങ്ങി നിൽക്കുന്നു .കട്ടിലിന്റെ അരികിൽ ഫാൻ അടർന്നു വീണു കിടക്കുന്നു. തറയിൽ ഒരു കറുത്ത തുണി / കടലാസ് എന്തിലോ നനഞ്ഞ്‌ കിടപ്പുണ്ട്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച വിഷമായിരിക്കണം. അയാളുടെ കാലുകളിൽ മഞ്ഞ നിറത്തിൽ നക്ഷത്ര ചിഹ്നങ്ങൾ കൃത്യമായി കാണാം. ചെറുപ്പത്തിൽ അയാളെ അയാളുടെ അച്ഛൻ നക്ഷത്രങ്ങൾ പച്ചകുത്തി പീഡിപ്പിച്ചിരുന്നു.  വെള്ള പൂശിയ ചുവരുകൾക്കിടയിൽ ഇളം നീല പശ്ചാത്തലത്തിൽ ഓറഞ്ച് നിറമുള്ള വിരിപ്പിൽ മഞ്ഞ നക്ഷത്രങ്ങൾ പച്ചകുത്തിയ കറുത്ത ശരീരം- കണ്ണിനും തലച്ചോറിനും രസം പകരുന്ന ഒരു കാഴ്ച.

സൂം 2x

ചതുരാകൃതിയിലുള്ള ചാരനിറത്തിലുള്ള ഒരിരുമ്പ് കട്ടിൽ. ചാര നിറമടിച്ച കട്ടിലാണെങ്കിലും പഴക്കും മൂലം മിക്കയിടങ്ങളിലും നിറമിളകി ഇരുമ്പിന്റെ തനിനിറം വ്യക്തമാണ്. വെള്ള പൂശിയ ചുവരിനോട് അത് ചേർന്ന് കിടക്കുന്നു. അതിൽ  ഓറഞ്ച് വിരിപ്പുള്ള മെത്തയും. അതിൽ 27 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ കിടക്കുന്നുണ്ട്. അവൾ നഗ്നയാണ്‌. അരയ്ക്ക് താഴേക്ക്‌ ഓറഞ്ച് നിറമുള്ള വിരിപ്പിട്ട് മറച്ചിരിക്കുന്നു എന്നാൽ കാലുകൾ കാണാം. വളരെ കൃത്യമായി അവൾ കട്ടിലിൽ കിടക്കുന്നു. കണ്ണുകളും വായും അടച്ച് ഉറങ്ങുകയാണെന്നേ തോന്നൂ , പക്ഷെ അവൾ മരിച്ചു കിടക്കുകയാണ്. ശ്വാസം എടുക്കുന്നില്ല. അവർക്ക് ഒരു മുല മാത്രമേ ഉള്ളൂ. അവർക്ക് സ്തനാർബുദം ആയിരുന്നു. കട്ടിലിന്റെ അരികിൽ അവരുടെ തലയിൽ കുത്തിയിരുന്ന പരന്ന തിളങ്ങുന്ന സ്ലൈഡ് മുടിയിൽ നിന്നും ഇളകി വീണിട്ടുണ്ട്. വയറ്റിൽ ഒരു പിച്ചാത്തി കുത്തിയിറിക്കിയിരിക്കുന്നു. അതിന് ചുറ്റിനും ചോര കുമിള പൊട്ടി പതുക്കെ പുറത്തേയ്ക്കൊഴുകുന്നുണ്ട്. തറയിൽ ഒരു കറുത്ത കയ്യുറ ചോരയിൽ നനഞ്ഞ്‌ കിടക്കുന്നു.കൊലയാളി ഉപയോഗിച്ചതാവണം. അവളുടെ വെളുത്ത കാലുകളിൽ പ്ലാസ്റിക് കയറിട്ട് മുറുക്കിയതിന്റെ പാടും പിന്നെ കയറിന്റെ പച്ച പെയിന്റ് പതിഞ്ഞതും കാണാം. കൈകളിൽ ചുവന്ന വളകൾ പോലെ ചോര ചത്ത്‌ കിടക്കുന്നു. വയറ്റിൽ ചുവന്ന ചോരത്തടാകം. ഓറഞ്ച് നിറമുള്ള വിരിപ്പിൽ പടരുന്ന ചുവന്ന നിറം. കണ്ണിനും തലച്ചോറിനും മനസ്സിനും ഒരേ പോലെ കുളിര് നൽകുന്ന കാഴ്ച.

സൂം 3x (Maximum Zoom)

ചുവപ്പ് ....ചുവന്ന ദ്രാവകം ചെറിയ കുഴലുകളിലൂടെ ഒഴുകുന്നു. വെള്ളമല്ല, ചോരയാണ്.ഞരമ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. മാംസം...അവയവങ്ങൾ... മലം... ആണെന്നോ പെണ്ണെന്നോ വ്യക്തമല്ല; മനുഷ്യനെന്ന് പോലും. ജീവനുണ്ടോ മരിച്ചോ എന്നും അറയില്ല. ഇതേത്  ജീവി, എന്തവസ്ഥ?
 ഒരു രസവുമില്ലാത്ത കാഴ്ച.