Tuesday, February 18, 2014

യോർഗോസ് ലാന്തിമോസ്

ക്യാമറാമാൻ ക്യാമറയോട് ചോദിച്ചു:
"എന്ത് കൊണ്ട്‌ "യോർഗോസ് ലാന്തിമോസ് " എന്ന പേര്?"
"അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്
--ആദ്യത്തേത്, ഈ കഥ കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് യാതൊരു വഴിക്കും ഈ പേര് വെളിപ്പെടുത്തുന്നില്ല. രണ്ടാമത്തേത് ശുദ്ധസിമ്പോളിക്കായ ഒന്നാണ്. അത്..."
അപ്പോഴേക്കും ക്യാമറ ഔട്ട്‌ ഓഫ്‌ ഫോക്കസായി.

ഈ കെട്ടിടത്തിൽ വാതിലുകളും ചുവരുകളും നിലകളുമില്ല.

കോണിപ്പടിയിലെ മനുഷ്യൻ

ഇപ്പോൾ നിങ്ങൾ സ്ക്രീനിൽ കാണുന്ന കെട്ടിടം ഒരു ത്രികോണ പ്രിസമാണ്.മൂന്ന് വശങ്ങളും ചില്ലിനാൽ ചുറ്റപ്പെട്ട കുത്തനെ നിൽക്കുന്ന ഒരു ഘടന. അതിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള ഏതോ ഒരു നിലയിൽ, ഏതോ ഒരു വാതിലിനു മുന്നിൽ അയാൾ നിൽക്കുന്നു. അയാൾ വാച്ചിലേക്ക് നോക്കി; സമയം 6.18 AM .താക്കോൽ പാന്റ്സിന്റെ കീശയിലേക്കിട്ട് അയാൾ കോണിപ്പടിയിലേക്ക് നടന്നു. ബൂട്ട്സിന്റെ ഒച്ച അവിടമാകെ ഉയർന്നു. അതോടൊപ്പം തന്നെ പ്രിസത്തിന്റെ ചുവട്ടിൽ  നിന്നും ഒരു ഡീസലോട്ടോയുടെ "കട കട" ശബ്ദവും അവിടേക്ക് കയറി വന്നു. ചുറ്റുമുള്ള ചില്ലുകളിൽ തട്ടി ഈ ശബ്ദങ്ങൾ / ശബ്ദം അനേകം നേർവരകളിൽ കുടുങ്ങിക്കിടന്നു. പക്ഷെ അയാൾക്ക് ഓട്ടോയുടെ ശബ്ദം വ്യക്തമായും തിരിച്ചറിയാൻ കഴിഞ്ഞു. കാരണം അനേകം വർഷങ്ങൾക്ക് ശേഷം ഇന്നാണ് അയാൾ തന്റെ ചെവികൾ അക്വേറിയത്തിൽ നിന്നുമെടുത്ത്  യഥാസ്ഥാനത്ത് വച്ചത്. അയാൾ വേഗത്തിൽ പടികളിറങ്ങാൻ തുടങ്ങി. അതിവേഗം അയാളിറങ്ങിക്കൊണ്ടിരുന്നു. ശബ്ദങ്ങൾ കൂടുതൽ കൂടുതൽ കുരുങ്ങിക്കൊണ്ടിരുന്നു. ഇതേ സമയം തന്നെ പ്രിസത്തിന്റെ ചുവട്ടില്ൽ നിന്നും ഒരു ക്യാമറ മുകളിലേക്ക് പടികൾ കയറാൻ തുടങ്ങിയിരുന്നു. പ്രിസത്തിന്റെ മൂന്ന് വശങ്ങളും മൂന്ന് "ഒറ്റ" ചില്ലുപാളികൾ കൊണ്ടുണ്ടാക്കിയത് കാരണം നിലകൾ മാറുന്നത് ക്യാമറയിൽ നോക്കിയാൽ അറിയാൻ സാധിക്കില്ല. എത്രാമത്തെ നിലയാണെന്നോ എത്രാമത്തെ പടിയാണെന്നോ പറയാൻ സാധ്യമല്ല, ചലനത്തിന്റെ ഒരു ബിന്ദുവിൽ അയാൾ ക്യാമറയ്ക്കുള്ളിൽ അകപ്പെട്ടു. ഈ നിശ്ചലതയിൽ അയാളുടെ ശരീരത്തിൽ സൂര്യന്റെ ആദ്യരശ്മികൾ വന്നു വീണു; ഏഴ് നിറങ്ങളിൽ.
അപ്പോൾ സമയം 6.20 AM. ഏതോ ഒരു തീവണ്ടിയുടെ ശബ്ദം അവിടെയ്ക്ക് ഇരച്ചു കയറി.
ശബ്ദങ്ങളുടെയും വർണങ്ങളുടെയും കുടുക്കിനുള്ളിൽ പെട്ട് അയാൾ ആദ്യം ഏഴായി പിരിഞ്ഞു, പിന്നീട് അനേകം പകർപ്പുകളായി. അനേകം പതിപ്പുകളായി മാറിയ അയാൾ, ഇപ്പോൾ നിൽക്കുന്ന പ്രിസത്തിന് പരിസരങ്ങളിലുള്ള ത്രികോണ പ്രിസങ്ങൾക്കുള്ളിലേക്ക് വെളിച്ചത്തോടൊപ്പം കടന്നു ചെന്ന് ഒന്നായി മാറി. അങ്ങനെ അയാൾ പല പ്രിസങ്ങൾക്കുള്ളിലെ കോണിപ്പടികൾ ഇറങ്ങാൻ തുടങ്ങി. ചുറ്റിലുമുള്ള എല്ലാ കെട്ടിടങ്ങളിൽ കൂടി അയാൾ പടികളിറങ്ങി; പല ദിശകളിലേക്ക്, പല വേഗങ്ങളിൽ.

മുറിക്കുള്ളിലെ മനുഷ്യൻ

തീവണ്ടിയുടെ കഠിന ശബ്ദത്തിൽ, പതിവ് പോലെ അയാൾ  ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നു.പ്രിസത്തിനുള്ളിൽ അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചില്ലുകൾക്ക്  പച്ച നിറമായിരുന്നു. അയാൾ എഴുന്നേറ്റിരുന്നപ്പോൾ വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക്ക് കവർ കലമ്പി. അയാളുടെ സംശയം എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും പ്രിസത്തിനുള്ളിലെ പ്രകാശത്തിന്റെ സഞ്ചാരം ഒരൊറ്റ ദിശയിലേക്ക് മാത്രമാണ്. അല്പം വിടർന്ന് ഒരു തിരശ്ചീന രീതിയിൽ. താൻ കേട്ട ഒച്ചകൾ സ്വപ്നത്തിലാണോ യാഥാർഥ്യത്തിലാണോ എന്നറിയാതെ പകച്ചിരിക്കെ അയാളുടെ മുറിയിലേക്ക് പ്രകാശം കടന്നുവരാനാരംഭിച്ചു. അയാളുടെ കണ്മുന്നിലൂടെ കോണിപ്പടിയിലെ മനുഷ്യന്റെ  പകർപ്പുകൾ ഒഴുകിത്തുടങ്ങി; പക്ഷെ വളരെ അടുപ്പിച്ചടുപ്പിച്ചായിരുന്നു അവർ ക്രമീകരിക്കപ്പെട്ടിരുന്നത്.എല്ലാം ഒരാള് തന്നെ. പ്രിസത്തിനു പുറത്തേക്കുള്ള ചില്ല്ചുവരിലൂടെ അവർ കടന്നു പോകുന്നത് അയാൾ തന്റെ കട്ടിലിലിരുന്നു കൊണ്ട് നോക്കി. തൊട്ടടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ചുടുകട്ട ചുവരുകളിലും (ആ പ്രദേശത്തെ ഒരേയൊരു ചുടുകട്ട കെട്ടിടമാണ് അത്) അന്തരീക്ഷത്തിലെ പൊടിക്കട്ടകളിലും ആ രൂപങ്ങൾ ചെന്ന് പതിഞ്ഞു. മുറിക്കുള്ളിലിരുന്നു കൊണ്ട് അയാളാ ദൃശ്യം അവിശ്വസനീയതയോടെ കണ്ടു. അയാൾ പറഞ്ഞു:

"മാഗ്രിറ്റയുടെ ഗൊൽകോണ്ട മാതിരി ..."

ബാക്കിയുള്ള രൂപങ്ങൾ പരിസരങ്ങളിലുള്ള ത്രികോണ പ്രിസങ്ങൾക്കുള്ളിലേക്ക് കയറിപ്പോയി.
താൻ ഉറങ്ങി എഴുന്നേറ്റത് സ്വപ്നത്തിലെക്കാണെന്ന് അയാൾ തെറ്റിദ്ധരിച്ചു. പ്ലാസ്റ്റിക്ക് കവറിട്ട മെത്തയിലേക്ക് അയാൾ മലർന്നു കിടന്ന് കണ്ണുകൾ അമർത്തിത്തിരുമി, ശേഷം ഇറുക്കിയടച്ചു. ഇതിനിടയിൽ അയാളുടെ കൈ തട്ടി എന്തോ ഒന്ന് അയാളുടെ തലയോടു ചേർന്ന് താഴെ തറയിലേക്ക് വീണു. അയാളുടെ കണ്ണുകൾ മേൽച്ചുവരിൽ തൂങ്ങി താഴേക്ക് നോക്കി. ഒരൊറ്റ ദിശയിൽ,ഒരൊറ്റ വേഗതയിൽ...

പ്രിസത്തിന് പുറത്തെ മനുഷ്യൻ

ഒട്ടോയുടെയും തീവണ്ടിയുടെ കഠിന ശബ്ദത്തിൽ അയാൾ  ചെവിയിൽ വിരൽ തിരുകി നിവർന്നിരുന്നു.അയാളുടെ ഓട്ടോയ്ക്ക് അകത്ത് പച്ച നിറവും പുറത്ത് നീല നിറവുമായിരുന്നു. അയാൾ നിവർന്നിരുന്നപ്പോൾ വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത സീറ്റിലെ പ്ലാസ്റ്റിക്ക് കവർ കലമ്പി.വണ്ടികളുടെ ശബ്ദം എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും പ്രിസത്തിന്റെ ചുവട്ടില നിന്നുള്ള അയാളുടെ നോട്ടം ഒരൊറ്റ ദിശയിലേക്ക് മാത്രമാണ്. അല്പം തല ഉയർത്തി ഒരു കോണീയ രീതിയിൽ. കാരണം അയാൾ കോണിയിറങ്ങുന്ന ആളിനെ കാത്ത് നിൽക്കുകയാണ്. വിജനമായ റോഡ്‌. നിശ്ചലമായ പ്രിസങ്ങൾ / കെട്ടിടങ്ങൾ.
പ്രിസത്തിനു പുറത്തുള്ള കെട്ടിടത്തിന്റെ ചുവരിൽ എന്താണ് നടക്കുന്നത് എന്നയാൾ തന്റെ ഓട്ടോയിലിരുന്നു കൊണ്ട് നോക്കി. തൊട്ടടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ചുടുകട്ട ചുവരുകളിലും (ആ പ്രദേശത്തെ ഒരേയൊരു ചുടുകട്ട കെട്ടിടമാണ് അത്) അന്തരീക്ഷത്തിലെ പൊടിക്കട്ടകളിലും അയാളുടെ  രൂപങ്ങൾ ചെന്ന് പതിഞ്ഞു കിടക്കുന്നു. ഓട്ടോയ്ക്കുള്ളിലിരുന്നു കൊണ്ട് അയാളാ ദൃശ്യം ഒട്ടും പകച്ചിലില്ലാതെ കണ്ടു. അയാൾ പറഞ്ഞു:

"ഒരു ഓട്ടോ സ്റ്റാന്റ് മാതിരി..."

ബാക്കിയുള്ള രൂപങ്ങൾ പരിസരങ്ങളിലുള്ള ത്രികോണ പ്രിസങ്ങൾക്കുള്ളിലേക്ക് കയറിപ്പോയി.
താനിരിക്കുന്നത് സ്വപ്നത്തിലല്ല എന്നയാൾക്ക് ഉറപ്പുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് കവറിട്ട സീറ്റിലേക്ക് അയാൾ നിവർന്നിരുന്ന് കണ്ണുകൾ അമർത്തിത്തിരുമി, ശേഷംവണ്ടി സ്റ്റാർട്ട് ചെയ്തു. പക്ഷെ ഏത് കെട്ടിടത്തിന് മുന്നിലേക്കാണ്‌ താൻ എത്തേണ്ടത് എന്ന സംശയത്തിന് മുന്നിൽ അയാൾ പകച്ചു നിന്നു. ഏത് ദിശയിലേക്ക് എത്ര വേഗത്തിൽ...


No comments:

Post a Comment